100ല്‍ പൊന്നില്ലാതെ കേരളം; വേഗപ്പോരില്‍ കേരളത്തിന് ആകെ ലഭിച്ചത് ഒാരോന്ന് വീതം വെള്ളിയും വെങ്കലവും

എപി ഷഫീഖ്

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ കേരളം നിരാശപ്പെടുത്തി. ആതിഥേയരായിട്ടും കേരളത്തിന് ഈയിനത്തില്‍ ഒരു സ്വര്‍ണം പോലും കരസ്ഥമാക്കാനായില്ല. തുടര്‍ച്ചയായ 20ാം തവണയും ഓവറോള്‍ കിരീടത്തിനായി കേരളം കുതിക്കുമ്പോഴും 100 മീറ്ററില്‍ സ്വര്‍ണം കണ്ടെത്താനാവതെ പോയത് തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. മെഡല്‍ പ്രതീക്ഷയായിരുന്ന ശഹര്‍ബാന സിദ്ദീഖിയുടെ രണ്ടാംദിനത്തിലെ നാടകീയ പിന്‍മാറ്റം കേരളത്തിന് വിനായാവുകയും ചെയ്തു.
വേഗപ്പോരില്‍ സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി കേരളത്തിന് ആകെ നേടാനായത് ഓരോന്ന് വീതം വെള്ളിയും വെങ്കലവും മാത്രമാണ്. സീനിയര്‍ ആണ്‍കുട്ടികളില്‍ കെ എസ് പ്രണവും ജൂനിയര്‍ പെണ്‍കുട്ടികളില്‍ പി ഡി അഞ്ജലിയുമാണ് 100 മീറ്ററില്‍ കേരളത്തിനു വേണ്ടി മെഡല്‍ കഴുത്തിലണിഞ്ഞത്. ഇരുവര്‍ക്കും പുറമേ പെണ്‍കുട്ടികളുടെ സബ്ജൂനിയറില്‍ ഗൗരി നന്ദനയ്ക്കും മാത്രമാണ് 100 മീറ്ററിലെ ഫൈനല്‍ റൗണ്ടില്‍ യോഗ്യത നേടാന്‍ സാധിച്ചിരുന്നത്. 100 മീറ്ററില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മഹാരാഷ്ട്രയാണ്. രണ്ട് വീതം സ്വര്‍ണവും വെള്ളിയും നേടിയ മഹാരാഷ്ട്ര ഒരു വെങ്കലവും സ്വന്തമാക്കി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ തമിഴ്‌നാട് മൂന്നും ഓരോ വീതം സ്വര്‍ണം, വെള്ളി, വെങ്കലം ഉള്‍പ്പെടെ കര്‍ണാടക മൂന്ന് മെഡലുകളും 100 മീറ്ററില്‍ കൈക്കലാക്കി.
ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റിലെ 100 മീറ്ററില്‍ ചാംപ്യനായ പ്രണവ് വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ജൂനിയര്‍ പെണ്‍കുട്ടികളില്‍ അഞ്ജലി കേരളത്തിന് വെങ്കല മെഡല്‍ സമ്മാനിക്കുകയായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളില്‍ കര്‍ണാടകയുടെ മനീഷാണ് ഒന്നാമതെത്തിയത്. പോയിന്റ് അഞ്ച് സെക്കന്‍ഡ് വ്യത്യാസത്തില്‍ മനീഷ് പ്രണവിനെ മറികടക്കുകയായിരുന്നു. 10.76 സെക്കന്‍ഡ് കൊണ്ടാണ് മനീഷ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. പ്രണവ് 10.81 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയപ്പോള്‍ വെങ്കല മെഡല്‍ നേടിയ മഹാരാഷ്ട്ര താരം ഡെന്‍സില്‍ പീറ്റേര്‍സിന് 11.06 സെക്കന്‍ഡ് വേണ്ടി വന്നു ഫിനിഷിങ് ലൈന്‍ തൊടാന്‍.
വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച അനുമതിയുമായാണ് അഞ്ജലി 100 മീറ്ററിന് ഇന്നലെ മല്‍സരിക്കാനെത്തിയത്. നേരത്തേ യോഗ്യതാമാര്‍ക്ക് കടക്കാത്തതിന്റെ പേരില്‍ അഞ്ജലിക്ക് മീറ്റിലെ 100 മീറ്ററില്‍ മല്‍സരിക്കാന്‍ അനുവാദ മുണ്ടായിരുന്നില്ല. കോടതിയില്‍ നിന്ന് ലഭിച്ച അനുമതി വെറുതെയായില്ലെന്ന് മെഡല്‍ നേട്ടത്തോടെ അഞ്ജലി തെളിയിക്കുകയും ചെയ്തു. യോഗ്യതാ മാര്‍ക്കായ 12.40 ഫൈനല്‍ റൗണ്ടില്‍ പോലും ആര്‍ക്കും മറികടക്കാനായില്ല. സ്വര്‍ണ മെഡല്‍ ലഭിച്ച മഹാരാഷ്ട്രയുടെ ലെവിസ് റോസ്‌ലിന്‍ 12.43 സെക്കന്‍ഡ് കൊണ്ടാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. രണ്ടാമതുള്ള തമിഴ്‌നാടിന്റെ ആര്‍ ഗിരീന്ദറാണി 12.52 സെക്കന്‍ഡ് കൊണ്ടും മൂന്നാം സ്ഥാനത്തെത്തിയ അഞ്ജലി 12.62 സെക്കന്‍ഡും കൊണ്ടാണ് മല്‍സരം ഫിനിഷ് ചെയ്തത്.
സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ കേരളത്തിന്റെ ഗൗരി നന്ദനയ്ക്ക് ഏഴാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. ഈ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ മാനസി പണ്ടാര്‍ക്കറാണ് സ്വര്‍ണം നേടിയത്. കര്‍ണാടകയുടെ വി വര്‍ഷയ്ക്ക് വെള്ളിയും മഹാരാഷ്ട്രയുടെ പൂജാരി ചാര്‍വിക്ക് വെങ്കലവും ലഭിച്ചു.
സീനിയര്‍ പെണ്‍കുട്ടികളില്‍ ഫോട്ടോ ഫിനിഷിങിലൂടെയാണ് ഒന്നാംസ്ഥാനക്കാരെ തിരഞ്ഞെടുത്തത്. 12.39 സെക്കന്‍ഡുമായി തമിഴ്‌നാടിന്റെ വി തമില്‍ സെല്‍വി സ്വര്‍ണമണിഞ്ഞപ്പോള്‍ 12.40 സെക്കന്‍ഡുമായി മഹാരാഷ്ടയുടെ ഹീര സിദ്ദീ രണ്ടാമതെത്തുകയായിരുന്നു. കര്‍ണാടകയുടെ സിഎച്ച് വിശ്വയ്ക്കാണ് വെങ്കലം. സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഡല്‍ഹിയുടെ നിസാര്‍ അഹ്മദ് ഒന്നാമതെത്തിയപ്പോള്‍ ഉത്തര്‍പ്രദേശിന്റെ റാഷിദ് ചൗധരി വെള്ളി കരസ്ഥമാക്കി. ഒഡീഷയുടെ ലക്കാന്‍ മുര്‍മുക്കാണ് വെങ്കലം.
Next Story

RELATED STORIES

Share it