|    Nov 18 Sun, 2018 2:22 pm
FLASH NEWS

10 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍

Published : 15th March 2018 | Posted By: kasim kzm

കോഴിക്കോട് : നഗരത്തില്‍ വീണ്ടും പോലിസിന്റെ കഞ്ചാവ് വേട്ട . ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചില്ലറ വില്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന തമിഴ്‌നാട് മധുര സ്വദേശികളായ കുമാര്‍, സതീഷ് എന്നിവരെ 8.300 കി. ഗ്രാം കഞ്ചാവുമായി വെള്ളയില്‍ പോലിസും ഇവരില്‍ നിന്നും കഞ്ചാവു വാങ്ങിച്ചു നഗരപരിധിയില്‍ ചില്ലറ വില്പനനടത്തുന്ന കുഞ്ഞാവ എന്ന ദിനേശന്‍ എന്നയാളെ 1.700 കിലോ കഞ്ചാവുമായി കസബ പോലിസും അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി കേരളത്തിലേക്ക് വലിയ അളവില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ തമിഴ്‌നാട് സ്വദേശി കുമാറും കൂട്ടാളിയായ സതീഷും.
ജില്ലയില്‍ നിയമവിരുദ്ധമായി കഞ്ചാവ് വില്‍പന നടത്തുന്ന പലര്‍ക്കും കുമാറാണ് കഞ്ചാവ് കേരളത്തില്‍ എത്തിച്ചുനല്‍കുന്നത്. സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാള്‍ ദിനേശനെ പോലെ ഇയാള്‍ക്ക് വിശ്വസ്തരായ ആളുകള്‍ക്ക് മാത്രമേ  കഞ്ചാവ് എത്തിച്ചു നല്‍കൂ. ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവ് മധുരയിലെത്തിച്ചു സ്റ്റോക്ക് ചെയ്ത് കേരളത്തിലെ ആവശ്യക്കാര്‍ ഇയാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതനുസരിച്ചു കഞ്ചാവ് കേരളത്തിലെത്തിച്ചു നല്‍കുകയാണ് ഇയാളുടെ രീതി. പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളുള്ള മാരുതി ഒമിനി വാഹനം ഉപയോഗിച്ചാണ് ഇയാള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്.
ഒരു മാസത്തില്‍ രണ്ടു തവണ കേരളത്തിലെത്തുന്നുണ്ടെന്നു മനസ്സിലാക്കിയ പോലിസ് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഇയാളെ പിടികൂടുന്നതിനായി കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ എ ജെ ബാബുവിന്റെ  നേതൃത്വത്തിലുള്ള കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിനും  നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥിരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡിനും നിര്‍ദേശം നല്‍കിയിരുന്നു.
കമ്മീഷണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു സ്‌ക്വാഡുകളും കുമാറിനെ പിടികൂടുന്നതിനുള്ള കരുക്കള്‍ നീക്കിയിരുന്നു. കഞ്ചാവുമായി വരുമ്പോള്‍ കുമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലാക്കിയ പോലിസ് കഴിഞ്ഞ 10 ദിവസത്തോളമായി ഇയാളെ പിടികൂടുന്നതിനുള്ള പദ്ധതി ഒരുക്കി കാത്തിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കിയ സ്‌പെഷ്യല്‍ സ്‌ക്വാഡ് കേരളത്തില്‍ പ്രവേശിച്ചത് മുതല്‍ ഇയാളെ പിന്തുടര്‍ന്ന് ഇയാളുടെ വാഹനത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വെള്ളയില്‍ പോലിസിന് രഹസ്യ വിവരം നല്‍കിയതിനെ തുടര്‍ന്ന് വെള്ളയില്‍ എസ് ഐ ജംഷീദിന്റെ നേതൃത്വത്തില്‍ വെള്ളയില്‍ പോലിസും ആന്റി ഗുണ്ടാ സ്‌ക്വാഡും നോര്‍ത്ത് ക്രൈം സ്‌ക്വാഡും ചേര്‍ന്ന് വെസ്റ്റ്ഹില്‍ ബട്ട് റോഡ് ബീച്ച് പരിസരത്തു വച്ച് 8.300 കിലോഗ്രാം കഞ്ചാവുമായി കുമാറിനെയും കൂട്ടാളിയായ സതീഷിനെയും പിടികൂടുകയായിരുന്നു.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ നിരീക്ഷിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് കോഴിക്കോട് പുതിയപാലം സ്വദേശിയായ ദിനേശന്‍ ഇയാളില്‍ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നതായി മനസ്സിലാക്കുകയും തുടര്‍ന്ന് കോഴിക്കോട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് നഗരപരിധിയില്‍ പട്രോളിങ് ശക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് കസബ പോലിസ് സ്റ്റേഷന്‍ പരിധിയിലെ മാങ്കാവില്‍ വച്ച് കസബ എസ് ഐ സിജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധന നടത്തുന്നതിനിടെ പരിസരത്തു നിന്നും അസ്വാഭാവികമായി ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലിസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.
ഇയാളില്‍ നിന്നും 1.700 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.  ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെയും നോര്‍ത്ത് അസി. കമ്മീഷണറുടെയും സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, രാജീവന്‍, അഖിലേഷ്, ജോമോന്‍, നവീന്‍, ജിനേഷ്, പ്രപിന്‍, സുമേഷ്, നിജിലേഷ്, ഷാജി, സോജി, ഷാലു, രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അംഗങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss