Kollam Local

10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: എഫ്‌സിഐയിലേയും ഗുഡ്‌സ് ഷെഡിലേയും 270ഓളം ലോറികള്‍ പിന്‍വലിക്കേണ്ടിവരും

സുധീര്‍ കെ ചന്ദനത്തോപ്പ്


കൊല്ലം: പത്ത് വര്‍ഷം പഴക്കമുള്ള 2000സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള കോടതി വിധി നടപ്പായാല്‍ അത് നഗരത്തിലെ ചരക്ക് നീക്കത്തെ കാര്യമായി ബാധിക്കും. നഗരത്തിലെ പകുതിയോളം ചരക്ക് വാഹനങ്ങളും പിന്‍വലിക്കേണ്ടി വരും. ഇത് അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനും കാരണമാകും.
ജില്ലയിലേക്ക് അരി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ആന്ധ്രയില്‍ നിന്നും എത്തുന്നത് ട്രെയിന്‍ മാര്‍ഗ്ഗമാണ്. ട്രെയിനില്‍ ഗുഡ്‌സ് ഷെഡിലും എഫ്‌സിഐയിലും എത്തുന്ന സാധനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ ലോറികള്‍ ആവശ്യമാണ്.
ഗുഡ്‌സ് ഷെഡില്‍ 180 ലോറികളാണ് നിലവിലുള്ളത്. ഇതില്‍ 10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതാകട്ടെ പത്തോളം ലോറികള്‍ മാത്രമാണ്. ഇതിലും ഗുരുതരമാണ് എഫ്‌സിഐയിലേയും കാര്യം. ഇവിടെ 100 ലോറികളാണ് ഉള്ളത്. ഇവയെല്ലാം തന്നെ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. കോടതിവിധി നടപ്പിലായാല്‍ ഇവയെല്ലാം നിരത്തില്‍ നിന്നും പിന്‍വലിക്കേണ്ടി വരും. ഇത് ചരക്ക് നീക്കത്തെ സാരമായി ബാധിക്കും.
നിലവില്‍ ഗുഡ്‌സ് ഷെഡില്‍ നിന്നും പത്ത് ടെണ്ണുള്ള ഒരു ലോഡ് കമ്പോളത്തില്‍ എത്തിക്കുന്നതിന് 840 രൂപയാണ്. കൊട്ടാരക്കരയിലേക്ക് ഒരു ലോഡ് പോകണമെങ്കില്‍ 2470 രൂപയാണ്. എന്നാല്‍ പുറത്ത് നിന്നുള്ള ഒരു ലോഡിന് 3500ന് മുകളിലാണ് വാടക.
നിലവില്‍ ഗുഡ്‌സ് ഷെഡിലുള്ള ലോറികള്‍ പിന്‍വലിച്ചാല്‍ പുതിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ വാടക നല്‍കേണ്ടി വരും. ഇത് അവശ്യസാധനങ്ങളുടെ വിലയിലും പ്രകടമാകും. കൂടാതെ ട്രെയിന്‍മാര്‍ഗ്ഗം കൊല്ലത്തേക്ക് ഗുഡ്‌സ് ട്രെയിനില്‍ ചരക്ക് എത്തുമ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചരക്ക് നീക്കം നടത്തണം.
സമയം നീണ്ടാല്‍ ഒരു മണിക്കൂറിന് 10000 രൂപ വീതം അധികം നിരക്ക് റെയില്‍വേ ഈടാക്കും. ലോറികളുടെ കുറവ് മൂലം വ്യാപാരികള്‍ക്ക് അധിക നിരക്ക് നല്‍കേണ്ടി വരുന്നത് വിലവര്‍ധനവിലായിരിക്കും എത്തിച്ചേരുക.
കൂടാതെ എഫ്‌സി ഐയിലെത്തുന്ന റേഷന്‍ സാധനങ്ങള്‍ കൊട്ടാരക്കര, ചടയമംഗലം, ആവണീശ്വരം, ഓയൂര്‍, കടയ്ക്കല്‍, പരവൂര്‍ എന്നിവിടങ്ങളിലെ ഹോള്‍സെയില്‍ ഡിപോയിലേക്ക് എത്തുന്നത് ലോറിമാര്‍ഗ്ഗമാണ്. ചരക്ക് നീക്കത്തിന് ലോറികളുടെ കുറവുണ്ടാകുന്നത് വലിയ പ്രതിസന്ധിക്കും കാരണമാകും.
Next Story

RELATED STORIES

Share it