10 വയസ്സുകാരിയായ ആദിവാസി ബാലിക ചികില്‍സ കിട്ടാതെ മരിച്ചു

അച്ചന്‍കോവില്‍(കൊല്ലം): ആദിവാസി പെണ്‍കുട്ടി ചികില്‍സ കിട്ടാതെ മരിച്ചു. അച്ചന്‍കോവില്‍ പുലിക്കയത്ത് വനത്തില്‍ താമസിക്കുന്ന രാജു-രാധാമണി ദമ്പതികളുടെ മകള്‍ രാധികയാണ് പനി ബാധിച്ചു ചികില്‍സ കിട്ടാതെ മരിച്ചത്. 10 ദിവസമായി പനി അനുഭവപ്പെട്ടിരുന്ന രാധികയ്ക്ക് പച്ചമരുന്ന് നല്‍കിയായിരുന്നു ചികില്‍സ.
എന്നാല്‍, തിങ്കളാഴ്ച സന്ധ്യയോടെ പനി മൂര്‍ച്ഛിക്കുകയായിരുന്നു. അച്ചന്‍കോവിലിലെ ആദിവാസികളുടെ ആശ്രയമായ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറില്ലാത്തത്തിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. 45 കിലോമീറ്ററോളം യാത്ര ചെയ്താണ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കേണ്ടത്. കൂപ്പ് ജോലിക്ക് എത്തിയിരുന്ന പിക്ക്അപ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോവാനായി രാധികയെ രാജുവിന്റെ മുതലത്തോടുള്ള ബന്ധുവിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെത്തിക്കാനായിരുന്നു ഉദ്ദേശ്യം.
എന്നാല്‍, രാവിലെ ആറരയോടെ കുട്ടിക്ക് പനി മൂര്‍ച്ഛിക്കുകയും മരിക്കുകയുമായിരുന്നു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറായ രാജുവിന് സ്വന്തമായി സ്ഥലവും വീടുമില്ലാത്തതിനാല്‍ പുലിക്കയത്ത് കാട്ടില്‍ താല്‍ക്കാലിക ഷെഡിലാണ് താമസിക്കുന്നത്.
Next Story

RELATED STORIES

Share it