10 മാസത്തിനിടെ കേരളത്തില്‍ ബലാല്‍സംഗത്തിനിരയായത് 1831 പേര്‍

പൊന്നാനി: കഴിഞ്ഞ 10 മാസത്തിനിടെ കേരളത്തില്‍ ബലാല്‍സംഗത്തിനിരയായത് 1,831 പേര്‍. ഇതില്‍ ആയിരത്തോളം സ്ത്രീകളും 831 പേര്‍ ഒരു വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് 2012ല്‍ തുടങ്ങിയ 'നിര്‍ഭയ' ഉള്‍പ്പെടെയുള്ള പദ്ധതികളും ബോധവല്‍ക്കരണവുമൊക്കെ ഫലപ്രദമാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കുള്ള അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്തി തടയുക, ഇരകള്‍ക്ക് സംരക്ഷണമൊരുക്കുക, കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പ്രത്യേക കോടതി രൂപവല്‍ക്കരിക്കുക, പുനരധിവാസമൊരുക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളുമായാണ് നിര്‍ഭയയുടെ പ്രവര്‍ത്തനമാരംഭിച്ചത്.
ഇപ്പോള്‍ നിര്‍ഭയ പദ്ധതിയുടെ പേരില്‍ നടക്കുന്നത് അവലോകന യോഗങ്ങള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ കേരളത്തില്‍ 1,530 പേരാണ് ബലാല്‍സംഗത്തിനിരയായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 3,843 പേരാണ് ലൈംഗിക ചൂഷണം ചെയ്യപ്പെട്ടതായി കേരള പോലിസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചെറിയ കുട്ടികള്‍ക്കെതിരേ മാത്രം 1,759 ലൈംഗിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം സപ്തംബര്‍ വരെയുള്ള കണക്കാണിത്.
കഴിഞ്ഞ വര്‍ഷം 2,286 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ ഇത് 1,877 ആയിരുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണക്കേസുകളില്‍ അധികവും വീട്ടില്‍ നിന്ന് തന്നെയാണ്. ഭര്‍ത്താവ്, ബന്ധുക്കള്‍ എന്നിവര്‍ നടത്തുന്ന പീഡനങ്ങളാണ് കേരളത്തില്‍ കൂടുതലും. സപ്തംബര്‍ വരെയുള്ള കാലയളവില്‍ കേരളത്തില്‍ 4,200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it