wayanad local

10 നെല്ലിനങ്ങള്‍ക്കു കൂടി  കേന്ദ്ര രജിസ്‌ട്രേഷന്‍ ഉടമസ്ഥാവകാശം കര്‍ഷകര്‍ക്ക്

കല്‍പ്പറ്റ: സസ്യവിളയിനങ്ങളുടെ സംരക്ഷണവും കര്‍ഷകരുടെ അവകാശങ്ങളും നിയമം (പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് 2001) പ്രകാരം വയനാടിന്റെ 10 തനതു നെല്ലിനങ്ങള്‍ക്കു കൂടി കേന്ദ്ര സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചു.
പരമ്പരാഗത നെല്‍കര്‍ഷകരുടെ സംഘടനയായ സീഡ് കെയര്‍ സമര്‍പ്പിച്ചതില്‍ മുള്ളന്‍കയ്മ, വലിച്ചൂരി, ഓണവട്ടന്‍, കുറുമൊട്ടന്‍, കുഞ്ഞൂട്ടിമട്ട, മരന്തൊണ്ടി, ചെന്താടി, കൊടുവെളിയന്‍, തുറൂടി, തൊണ്ണൂറാംതൊണ്ടി എന്നീ ഇനങ്ങള്‍ക്കാണ് അടുത്തിടെ രജിസ്‌ട്രേഷനായത്. വയനാടന്‍ കര്‍ഷകര്‍ തലമുറകളായി സംരക്ഷിച്ചുവരുന്ന വെളിയന്‍, തൊണ്ടി, ചെന്നെല്ല്, ചോമാല, ഗന്ധകശാല, ജീരകശാല എന്നീ ആറിനം നെല്ലിനങ്ങള്‍ക്ക് 2013ല്‍ രജിസ്‌ട്രേഷന്‍ ലഭിച്ചിരുന്നു.
കാര്‍ഷിക വിളയിനങ്ങളുടെ വിത്തുകളില്‍ കര്‍ഷകരുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്നതാണ് 2001ല കേന്ദ്ര നിയമം. രജിസ്‌ട്രേഷന്‍ ലഭിച്ച ഇനങ്ങളുടെ വിത്ത് ഉല്‍പാദനം, കൈമാറ്റം, വിപണനം എന്നിവയുടെ അവകാശം ബന്ധപ്പെട്ട കര്‍ഷകര്‍ക്കായിരിക്കും.
എന്നാല്‍, ഇവ ബ്രാന്റ് ചെയ്തു വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദമില്ല.
രജിസ്‌ട്രേഷന്‍ ലഭിച്ച വിത്തിനങ്ങള്‍ ഉപയോഗിച്ച് വാണിജ്യ പ്രാധാന്യമുള്ള മറ്റു വിത്തുകള്‍ ഉല്‍പാദിപ്പിച്ചാല്‍ വിപണനലാഭത്തിന്റെ പങ്ക് മാതൃവിത്ത് സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനു നിയമപ്രകാരം അവകാശമുണ്ടെന്ന് ഡോ. എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണനിലയം ഡയറക്ടര്‍ ഡോ. എന്‍ അനില്‍കുമാര്‍, ശാസ്ത്രജ്ഞന്‍ പ്രജീഷ് പരമേശ്വര്‍ പറഞ്ഞു. ആദ്യം രജിസ്‌ട്രേഷന്‍ ലഭിച്ച ആറു വിത്തിനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിനും വിപണനത്തിനുമുള്ള നീക്കത്തിലാണ് സീഡ് കെയറെന്നു പ്രസിഡന്റ് വി കെ കൃഷ്ണന്‍ പറഞ്ഞു. സീഡ് കെയര്‍ മുഖേനയാണ് കര്‍ഷകര്‍ വിത്തിനങ്ങള്‍ രജിസ്‌ട്രേഷന് സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it