malappuram local

10 കിലോ തേങ്ങ = ഒരു കിലോ മത്തി..!

കാളികാവ്: കേരളത്തില്‍ ഒരു കാലത്ത് പ്രൗഢിയുടെ പ്രതീകമായ പ്രധാന കാര്‍ഷിക വിള തേങ്ങ ഇന്ന് വെറും പാഴ്‌വസ്തു, 10 രൂപയ്ക്ക് ലഭിച്ചിരുന്ന മത്തിയാവട്ടെ രണ്ടാഴ്ച ഫ്രീസറില്‍ കിടന്നാല്‍പോലും ഇന്ന് 140 രൂപ വില. ഒമാനിയന്‍ മത്തിയാണെങ്കില്‍ വില 200 രൂപയും. ഒരു കിലോ തേങ്ങയുടെ ഇന്നത്തെ വില 14 രൂപ. തേങ്ങ ഇടാനാളില്ല... പെറുക്കാനാളില്ല... പൊതിക്കാനാളില്ല... എന്ന പൊല്ലാപ്പ് വേറെയും. പെറുക്കിയെടുത്ത് പൊതിച്ച് കൊടുത്താല്‍ വാഹനക്കൂലി വേറെയുണ്ടാക്കണമെന്നതാണവസ്ഥ. കേരകര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംഭരണം കൊണ്ടുവന്നിരുന്നു. കൃഷിഭവന്‍ മുഖേന കിലോയ്ക്ക് 25 രൂപ നിരക്കില്‍ കുറച്ച് മാസം സംഭരിക്കുകയും ചെയ്തു. ഇതിനുപുറമെ നീരയും ഇളനീര്‍ പാര്‍ലറും രംഗത്ത് വന്നു. കൃഷിഭവന്‍ വഴി വര്‍ഷത്തില്‍ ആറു തവണയായി നിശ്ചിത തെങ്ങുള്ളവരില്‍ നിന്ന് അഞ്ചു ടണ്‍ വരെയാണ് സംഭരിച്ചത്. ഇതിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാത്തവര്‍ അനവധിയാണ്.
ഒരു മാസം മുമ്പ് കൃഷിഭവന്‍ തേങ്ങ സംഭരണവും നിര്‍ത്തി. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ തേങ്ങ സംഭരിക്കരുതെന്ന് കൃഷിഭവനുകളില്‍ അറിയപ്പെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ സംഭരണം തുടങ്ങുമെന്ന സൂചനയുണ്ട്. പക്ഷേ, കാശ് ഉടനെവേണ്ടെന്ന് കര്‍ഷകരില്‍ നിന്ന് എഴുതി വാങ്ങണമെന്നാണ് കര്‍ശ്ശ നിര്‍ദേശം. ഇതിനു കാത്തുനില്‍ക്കാതെ കിട്ടുന്ന വിലയ്ക്ക് വില്‍ക്കുകയാണ് കര്‍ഷകര്‍. ഒരു തെങ്ങില്‍ കയറാന്‍ 50 രൂപയും പെറുക്കാനും പൊതിക്കാനും തേങ്ങയൊന്നിന് രണ്ടു രൂപയും വരും. വളമിടാനും കളപറിക്കാനും മിനക്കെടാതെ താഴെ വീഴുന്നവ പെറുക്കിയെടുക്കുക എന്നതാണ് കര്‍ഷകരുടെ ഇപ്പോഴത്തെ തീരുമാനം. സംസ്ഥാനത്ത് ഭരണസംവിധാനം മാറിയ സാഹചര്യത്തില്‍ ചെറിയ പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്.
Next Story

RELATED STORIES

Share it