10 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെടണമെന്ന് ഡിജിപി

തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ ഈമാസം തുടര്‍ച്ചയായി വലിയ പരിപാടികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തേക്ക് 10 കമ്പനി കേന്ദ്രസേനയുടെ സേവനംകൂടി കേരളം ആവശ്യപ്പെടണമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനവും മകരവിളക്കും ഒരുമിച്ചുവരുന്നതിനാ ല്‍ കൂടുതല്‍ സേന വേണമെന്നാണ് സര്‍ക്കാരിനോട് ഡിജിപി ആവശ്യപ്പെട്ടത്. വേണ്ടത്ര സുരക്ഷയൊരുക്കാന്‍ കേരളാ പോലിസിന് മതിയായ അംഗബലമില്ലാത്തതാണു പ്രതിസന്ധിക്കു കാരണം. ഈ മാസം 11, 12, 13 തിയ്യതികളിലാണ് ഉപരാഷ്ട്രപതി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്. 15നാണു ശബരിമല മകരവിളക്ക് മഹോല്‍സവം. മകരവിളക്കിനു മുന്നോടിയായി കൂടുതല്‍ പോലിസുകാരെ ശബരിമലയിലും സമീപജില്ലകളിലും വിന്യസിക്കണം. ഇതിനു പിന്നാലെ 19 മുതല്‍ തിരുവനന്തപുരത്ത് സ്‌കൂള്‍ കലോല്‍സവവും ആരംഭിക്കും. 25ന് കലോല്‍സവം തീരുന്നതിനു പിന്നാലെ തൊട്ടടുത്ത ദിവസം റിപബ്ലിക് ദിനാഘോഷവും നടക്കുന്നുണ്ട്. തുടര്‍ന്ന് 29 മുതല്‍ കോഴിക്കോട് ദേശീയ സ്‌കൂള്‍ കായികമേളയും നടക്കാനിരിക്കുന്നു. വലിയ പരിപാടികള്‍ ഒന്നിനു പിറകേ വരുന്നതിനാല്‍ വിന്യസിക്കാന്‍ മതിയായ പോലിസ് സേനയില്ലെന്നാണ് ഡിജിപി ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ, തദ്ദേശ തിരഞ്ഞെടുപ്പുമുതല്‍ സേനാംഗങ്ങള്‍ക്കു വിശ്രമം ലഭിക്കുന്നില്ലെന്നും ജോലിഭാരം വര്‍ധിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണു കേന്ദ്രസേനയെ കൂടുതലായി ഉള്‍പ്പെടുത്തണമെന്ന ആലോചന ഉന്നത ഉദ്യോഗസ്ഥരുടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. നിലവിലുള്ള സാഹചര്യം പരിഗണിച്ച് അടിയന്തരമായി 10 കമ്പനി കേന്ദ്രസേനയെ വിളിക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം. ഡിജിപിയുടെ കത്ത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
കേന്ദ്രസേനയുടെ സേവനം കേന്ദ്രത്തോട് ഉടന്‍ ആവശ്യപ്പെടുമെന്നും മതിയായ സേനയെ ലഭിക്കുമെന്നുമാണ് ആഭ്യന്തരവകുപ്പിന്റെ പ്രതീക്ഷ. ഉപരാഷ്ട്രപതിയുടെ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കേന്ദ്രസേനയെ വിന്യസിക്കാനാണു നിലവിലെ തീരുമാനം. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ഉപരാഷ്ട്രപതിക്കു പ്രധാനമായും പരിപാടികളുള്ളത്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതല്‍ പോലിസിനെ വിന്യസിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it