10 വര്‍ഷത്തിനിടെ പാര്‍ലമെന്റ് ചര്‍ച്ചകൂടാതെ പാസാക്കിയത് 47% ബില്ലുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടെ പാര്‍ലമെന്റ് ചര്‍ച്ച കൂടാതെ പാസാക്കിയത് 47 ശതമാനം ബില്ലുകള്‍. പാര്‍ലമെന്റ് രേഖകള്‍ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 1952 മുതലുള്ള ആദ്യത്തെ 20 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ ക്രമാനുഗതമായ കുറവ് ഉണ്ടായതായും പാര്‍ലമെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. 1952നും 1972നും ഇടയിലെ വര്‍ഷങ്ങളില്‍ ശരാശരി 128നും 132നും ഇടയിലുള്ള ദിനങ്ങള്‍ പാര്‍ലമെന്റ് സമ്മേളിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതു 64നും 67നും ഇടയിലുള്ള ദിവസങ്ങളിലേക്കു ചുരുങ്ങിയതായും പാര്‍ലമെന്ററി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്ററി സംവിധാനത്തെ ദുരുപയോഗം ചെയ്താണു ചര്‍ച്ചകള്‍ കൂടാതെ ഒട്ടുമിക്ക ബില്ലുകളും പാര്‍ലമെന്റ് പാസാക്കിയിട്ടുള്ളത്. ഇതില്‍ 64 ശതമാനവും പാസാക്കിയത് അവസാന സെഷന്റെ അവസാന മൂന്നു മണിക്കൂറിലാണെന്നതു ഞെട്ടിക്കുന്ന വസ്തുത—യാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 31 ശതമാനം ബില്ലുകളും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയോ,  കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധന കൂടാതെയാണു പാസാക്കിയത്. ബില്ലുകള്‍ കമ്മിറ്റി മുമ്പാകെ അയക്കല്‍ നിര്‍ബന്ധമില്ലെന്ന ചട്ടത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. കൂടാതെ കഴിഞ്ഞ 20 വര്‍ഷത്തിനിടെ സഭാ സാമാജികകരുടെ വിദ്യാഭ്യാസ യോഗ്യതയിലും  ഇടിവുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എംപിമാരുടെ ഡോക്ടറേറ്റ്, പോസ്റ്റ് ഡോക്ടറേറ്റ്, പിജി ഡിഗ്രികളില്‍ 62 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്.
Next Story

RELATED STORIES

Share it