World

10 വര്‍ഷത്തിനകം ബാങ്കോക്ക് നഗരം പകുതിയോളം കടലില്‍ മുങ്ങും

ബാങ്കോക്ക്: 10 വര്‍ഷത്തിനകം ബാങ്കോക്ക് നഗരം പകുതിയോളം കടലില്‍ മുങ്ങുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക് റിപോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കനത്ത പേമാരിയുള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങളാല്‍ 2030ഓടെ നഗരത്തിന്റെ പകുതിയും വെള്ളത്തിനടിയിലാവും. പോളണ്ടില്‍ ഈ വര്‍ഷാവസാനം നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയുടെ പ്രാഥമിക യോഗത്തിനു ചൊവ്വാഴ്ച ബാങ്കോക്കില്‍ തുടക്കമാവും. ഇതിനിടയിലാണു റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.കനത്ത മഴ മൂലം 2030ന്റെ ആദ്യത്തോടെ ബാങ്കോക്ക് നഗരത്തിന്റെ 40 ശതമാനം വെള്ളത്തിലാവും. താപനില ഉയരുന്നതു മൂലം കാലാവസ്ഥയിലുണ്ടാവുന്ന വലിയ വ്യതിയാനം അതിശക്തമായ കൊടുങ്കാറ്റ്, കനത്ത പേമാരി, വരള്‍ച്ച, പ്രളയം എന്നിവക്ക് കാരണമാവുമെന്നാണ് മുന്നറിയിപ്പ്. സമുദ്രനിരപ്പില്‍ നിന്ന് 1.5 മീറ്റര്‍ ഉയരം മാത്രമുള്ള ചതുപ്പുനിലത്തിലാണ് ബാങ്കോക്ക് നഗരം. ജക്കാര്‍ത്തയും മനിലയും പോലെ കാലാവസ്ഥാ വ്യതിയാനം ലോകത്തില്‍ ഏറ്റവും ഭീകരമായി ബാധിക്കുന്ന നഗരമായാണു ബാങ്കോക്ക് വിലയിരുത്തപ്പെടുന്നത്.ഓരോ വര്‍ഷത്തിലും ഒന്നോ, രണ്ടോ സെന്റിമീറ്റര്‍ വീതം നഗരത്തെ കടലെടുക്കുന്നതായി മറ്റൊരു പഠനത്തിലും കണ്ടെത്തിയിരുന്നു. 2011ല്‍ ഉണ്ടായ പ്രളയത്തില്‍ നഗരത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങളുടെ ഇരയാണ് ബാങ്കോക്ക് നഗരമെന്നും കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


Next Story

RELATED STORIES

Share it