Flash News

10 മാസത്തിനിടെ 324 വിജിലന്‍സ് കേസുകള്‍



ടോമി മാത്യു

കൊച്ചി: ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 324 കേസുകള്‍. പുതിയ വിജിലന്‍സ് ഡയറക്ടറായി ലോക്‌നാഥ് ബെഹ്‌റ ചാര്‍ജെടുത്തതിനു ശേഷം രജിസ്റ്റര്‍ ചെയ്തത് 41 കേസുകളെന്നും വിവരാവകാശ രേഖ. അടുത്തിടെ ഡിജിപിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയ ടോമിന്‍ തച്ചങ്കരിക്കെതിരേ മൂന്നു വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്കു പോലിസ് സൂപ്രണ്ട് (ഇന്റലിജന്റ്‌സ്) എം എന്‍ വിജയകുമാരന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 2016 ജൂണ്‍ രണ്ടിനാണ് ജേക്കബ് തോമസ് വിജിലന്‍സിന്റെ ഡയറക്ടറായി ചുമതലയേറ്റത്. 2017 മാര്‍ച്ച് 31ന് സ്ഥാനം ഒഴിയുകയും ചെയ്തു. ഈ 10 മാസത്തിനുള്ളിലാണ് 324 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍, ഇതില്‍ എത്ര കേസുകള്‍ തീര്‍പ്പാക്കിയെന്നതു സംബന്ധിച്ചു ഡിപാര്‍ട്ട്‌മെന്റിനു വിവരമില്ല. 2017 ജൂലൈ 31 വരെ ആകെ തീര്‍പ്പാക്കിയ കേസുകള്‍ സംബന്ധിച്ചും അറിവില്ല. തീര്‍പ്പാക്കിയ കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും മറുപടിയില്‍ പറയുന്നു.ജേക്കബ് തോമസ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഈ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റത്. അന്നുമുതല്‍ ജൂലൈ 31 വരെ 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അടുത്തിടെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിലടക്കം നിറഞ്ഞുനിന്ന ടോമിന്‍ തച്ചങ്കരിക്കെതിരേ മൂന്നു കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1996 ആഗസ്ത് 5, 2007 ജൂലൈ 31, 2016 ആഗസ്ത് 19 എന്നിങ്ങനെയാണ് മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടോമിന്‍ തച്ചങ്കരിക്കെതിരേ അവസാനമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴക്കേസിന്റെ ആദ്യ അന്വേഷണസമയത്ത് മേല്‍നോട്ടച്ചുമതല ജേക്കബ് തോമസിനായിരുന്നു. ബാര്‍ കോഴക്കേസില്‍പെട്ട മന്ത്രിമാരായ കെ എം മാണിയും കെ ബാബുവും രാജിവച്ചിരുന്നു. തുടര്‍ന്ന്, ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു യുഡിഎഫ് സര്‍ക്കാര്‍ മാറ്റി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുന്നത്. വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരേ ബന്ധുനിയമനവുമായി ബന്ധപ്പെട്ടു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും പിന്നീട് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതും ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്തായിരുന്നു. തുടര്‍ന്ന്, പിണറായി വിജയന്‍ സര്‍ക്കാരും ഇദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it