Pathanamthitta local

10 പത്രികകള്‍ തള്ളി; സ്വീകരിച്ചത് 45

പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനു സമര്‍പ്പിച്ച 55 പേരുടെ നാമനിര്‍ദേശ പത്രികകളില്‍ 10 പേരുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. 45 പത്രികകള്‍ സ്വീകരിച്ചു. തിരുവല്ല, അടൂര്‍ മണ്ഡലങ്ങളില്‍ ഓരോരുത്തരുടെയും റാന്നി, കോന്നി മണ്ഡലങ്ങളില്‍ മൂന്നു പേരുടേയും ആറന്മുള മണ്ഡലത്തില്‍ രണ്ടുപേരുടേയും പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.
തിരുവല്ല മണ്ഡലത്തില്‍ ജനതാദള്‍ (എസ്) ഡമ്മി സ്ഥാനാര്‍ഥി എന്‍ ഷാജികുമാറിന്റെ പത്രികയും റാന്നി മണ്ഡലത്തില്‍ സിപിഎം ഡമ്മി റോഷന്‍ റോയി മാത്യു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ മാത്യു ടി ചാണ്ടി, ശശീന്ദ്രന്‍ എന്നിവരുടെയും പത്രികകളാണ് തള്ളിയത്. ആറന്മുള മണ്ഡലത്തില്‍ സിപിഎം ഡമ്മി വി കെ പുരുഷോത്തമന്‍ പിള്ള, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാരി വി ശശി എന്നിവരുടെയും കോന്നിയില്‍ സിപിഎം ഡമ്മി മോഹനകുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ എം, ബിജെപി ഡമ്മി മനോജ് ജി പിള്ള എന്നിവരുടെയും പത്രികകളാണ് തള്ളിയത്.
അടൂരില്‍ സിപിഐ ഡമ്മി ഉദയകുമാര്‍ കെയുടെ പത്രികയും തള്ളി. അതത് മണ്ഡലങ്ങളിലെ വരണാധികാരികളാണ് സൂക്ഷ്മ പരിശോധന നടത്തിയത്.
അടൂരില്‍ കെ കെ ഷാജുവിന്റെ ജാതി സംബന്ധിച്ച ഉന്നയിച്ച തര്‍ക്കം പരിഗണിക്കാതെ പത്രിക സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ ആര്‍ഡിഒ ഓഫിസിനു മുമ്പില്‍ പ്രതിഷേധിച്ചു. അടൂര്‍ ആര്‍ഡിഒ എം കെ കബീറാണ് പത്രിക സ്വീകരിച്ചത്.
സംവരണ വിഭാഗത്തില്‍പ്പെടാത്ത ഷാജുവിന്റെ പത്രിക സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം. മാവേലിക്കര തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റാണ് ഷാജു പത്രികക്കൊപ്പം സമര്‍പ്പിച്ചിരുന്നത്. മണ്ണാന്‍ വഭാഗക്കാരനാണെന്ന് വ്യക്തമാക്കുന്ന രേഖയാണ് നല്‍കിയത്.
ഷാജുവിന്റെ പത്രിക സ്വീകരിച്ചതിനെതിരേ എല്‍ഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ആറന്മുളയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന്റെ പത്രിക സ്വീകരിക്കുന്നതിനെതിരേ യുഡിഎഫ് എതിര്‍പ്പുന്നയിച്ചു. പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിന്റെ എല്ലാ പേജുകളിലും സ്ഥാനാര്‍ഥി ഒപ്പിട്ടിട്ടില്ലെന്നായിരുന്നു അക്ഷേപം. എന്നാല്‍ യുഡിഎഫ് വാദം വരണാധികാരി തള്ളി.
ഇതിനെതിരേ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. നാളെ വൈകീട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാം.
നാളെ തന്നെ ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ തിരുവല്ല, റാന്നി മണ്ഡലങ്ങളില്‍ ഏഴു പേര്‍ വീതവും ആറന്മുള, അടൂര്‍ മണ്ഡലങ്ങളില്‍ 11 പേര്‍ വീതവും കോന്നിയില്‍ ഒമ്പത് പേരുമാണ് മല്‍സരരംഗത്തുള്ളത്.
Next Story

RELATED STORIES

Share it