10 കോടിയുടെ കൊക്കെയ്‌നുമായി വിദേശി പിടിയില്‍

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. 10 കോടി രൂപയുടെ കൊക്കെയ്‌നുമായി വിദേശയാത്രക്കാരന്‍ പിടിയില്‍. സാല്‍വഡോര്‍ സ്വദേശിയായ ഡുറാന്‍ സോള ജോണി അലക്‌സാണ്ടറെയാണു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂനിറ്റ് പിടികൂടിയത്.
വിദേശസോപ്പിന്റെ കവറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കിലോ കൊക്കെയ്‌നാണ് പിടികൂടിയത്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നു ദുബയ് വഴി എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. 13 സോപ്പുകളാണു ബാഗില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 എണ്ണത്തിന്റെ കവറില്‍ ഒളിപ്പിച്ചിരുന്ന കൊക്കെയ്‌നാണ് നാര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത കൊക്കെയ്ന്‍ സൗത്ത് അമേരിക്കയിലെ കൊെക്കയ്ന്‍ മാഫിയകളില്‍ നിന്നാണു കൊണ്ടുവന്നതെന്നാണു ലഭിച്ച വിവരം. പിടിയിലായ ഡുറാന്‍ ഇവരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍.
പിടിച്ചെടുത്ത കൊക്കെയ്ന്‍ കൊച്ചി വഴി മറ്റെവിടേക്കെങ്കിലും കടത്താനായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. പിടിയിലായ ആള്‍ക്ക് വിമാനത്താവളത്തില്‍ നിന്നു സഹായം ലഭ്യമായോ എന്നും അന്വേഷിക്കും. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it