1.85 ലക്ഷം പേര്‍ക്ക് ആശ്വാസമേകി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി ആരോഗ്യവകുപ്പ് നടപ്പാക്കിവരുന്നതായി മന്ത്രി കെ കെ ശൈലജ. ദുരന്തം കാരണം ഉണ്ടായ മാനസികപ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞു പ്രത്യക്ഷപ്പെടാം എന്നുള്ളതു കൊണ്ടും ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നിണ്ടുനില്‍ക്കാം എന്നുള്ളതു കൊണ്ടുമാണു പദ്ധതിക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. പ്രളയാനന്തരമുണ്ടായ വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സപ്തംബര്‍ 14 വരെയുള്ള കണക്കനുസരിച്ച് 1,85,538 പേര്‍ക്കു സാമൂഹിക, മനശ്ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
10 ജില്ലകളിലായി 349 പരിശീലന പരിപാടികള്‍ വഴി ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 16,671 പേര്‍ക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം നല്‍കിയാണ് ഇതു സാധ്യമാക്കിയത്. ഇവര്‍ 661 ക്യാംപ് സന്ദര്‍ശനങ്ങളും 1,00,187 ഭവന സന്ദര്‍ശനങ്ങളും നടത്തി. ഇതിനു പുറമെ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള 1525 പേര്‍ക്കു മാനസികാരോഗ്യ ചികില്‍സയും നല്‍കിയിട്ടുണ്ട്. ഇതിനായി 10 ജില്ലകളിലായി 120 ടീമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ആശാ പ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്താനും അതുവഴി എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനം ഉറപ്പുവരുത്തുവാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. ആഗസ്ത് 18നാണ് എല്ലാ ജില്ലകളിലും മാനസികാരോഗ്യ ദുരന്തനിവാരണ സംഘങ്ങള്‍ രൂപീകരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ടു ജില്ലകളിലെ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഈ സംഘത്തിന്റെ കീഴില്‍ ഏകോപിപ്പിച്ചു. ആഗസ്ത് 20ന് ഈ ടീമുകളെ വിപുലീകരിച്ചു. ഓരോ ജില്ലയിലും ഒരു കോര്‍ ടീമും ഒന്നിലധികം ഇന്റര്‍വന്‍ഷന്‍ ടീമുകളും രൂപീകരിച്ചു. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാനും റിപോര്‍ട്ടുകള്‍ ക്രോഡീകരിക്കാനും യഥാസമയം അയക്കാനും കോര്‍ ടീമിനെ ചുമതലപ്പെടുത്തി.
ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്തി നല്‍കാന്‍ ഇന്റര്‍വന്‍ഷന്‍ ടീമുകളെ ചുമതലപ്പെടുത്തി. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്‌നങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കിവരുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ ഉള്ളവര്‍ വീടുകളിലേക്കു പോവുന്ന മുറയ്ക്കു വീടുകള്‍ സന്ദര്‍ശിച്ചുള്ള സേവനങ്ങളും ഇന്റര്‍വന്‍ഷന്‍ ടീമുകള്‍ തുടങ്ങി. ഇതിനോടൊപ്പം വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തി നിംഹാന്‍സ് പരിശീലനം നല്‍കിയ കൗണ്‍സിലര്‍മാരെക്കൂടി ക്യാംപുകളും ഭവനങ്ങളും സന്ദര്‍ശിക്കുന്ന ടീമുകളില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ രണ്ടാംഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കാനും ഒരു സ്ഥിരം സംവിധാനം ആക്കാനുമാണ് ആശാ വര്‍ക്കര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദുരന്തം ബാധിച്ച എല്ലാ പഞ്ചായത്തുകളുടെയും ആശമാര്‍ക്ക് പരിശീലനം നല്‍കി.
ഇതിനോടൊപ്പം ദുരന്തം ബാധിച്ച ജനങ്ങളുമായി ഇടപഴകുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മെംബര്‍മാര്‍ എന്നിവര്‍ക്കു ജനങ്ങളുമായി ഇടപഴകാനും അവര്‍ പറയുന്നതു കേള്‍ക്കാനും അവര്‍ക്ക് ആശ്വാസം നല്‍കാനുള്ള പരിശീലനവും നല്‍കിവരുന്നു. അതുവഴി എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനം ഉറപ്പുവരുത്തുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it