|    Nov 18 Sun, 2018 11:51 pm
FLASH NEWS
Home   >  Editpage  >  Editorial  >  

1.5 ഡിഗ്രി സെല്‍ഷ്യസ്‌

Published : 9th November 2018 | Posted By: kasim kzm

കാലാവസ്ഥാമാറ്റത്തെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര പാനല്‍ കഴിഞ്ഞ മാസം നല്‍കിയ റിപോര്‍ട്ട് ഈ വിഷയത്തിലുള്ള ഏറ്റവും സമഗ്രമായ പഠനമാണ്. പാരിസ് കാലാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവച്ച 195 രാഷ്ട്രങ്ങള്‍ നിര്‍ദേശിച്ചപ്രകാരം പാനല്‍ ഇതുസംബന്ധിച്ച 6,000ലധികം പഠനങ്ങളാണ് സൂക്ഷ്മമായി പരിശോധിച്ചത്. കാലാവസ്ഥ എന്ന അതിസങ്കീര്‍ണമായ പ്രതിഭാസത്തില്‍ മനുഷ്യന്‍ ഇടപെടാന്‍ തുടങ്ങിയതുമൂലമുള്ള ദുരിതങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്ന റിപോര്‍ട്ട് നേരത്തേ നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി ആഗോള താപനത്തിലുള്ള വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കണമെന്നു നിര്‍ദേശിക്കുന്നു. അതത്ര നിസ്സാരവുമല്ല. നേരത്തേ നിശ്ചയിച്ച രണ്ടു ഡിഗ്രി സെല്‍ഷ്യസ് പ്രകാരം ധ്രുവപ്രദേശങ്ങളിലെ ഹിമവാഹിനികള്‍ ഒരു ദശാബ്ദത്തിനുള്ളില്‍ അലിഞ്ഞുതീരുമായിരുന്നു. 1.5 ഡിഗ്രിയായി ഊഷ്മാവ് വര്‍ധന പരിമിതപ്പെടുത്തുമ്പോള്‍ അതിനൊരു ശതാബ്ദം തന്നെ വേണം.
പക്ഷേ, ഈ നിര്‍ദേശം നടപ്പാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ദരിദ്രനാടുകളുടെ വികസനത്തിന് ആഗോള താപനം നോക്കിനിന്നാല്‍ നടക്കില്ല. നിര്‍ദേശം നടപ്പാക്കണമെങ്കില്‍ 2050ഓടെ കാര്‍ബണ്‍ നിര്‍ഗമനത്തില്‍ 4,200 കോടി ടണ്‍ കുറവു വരുത്തേണ്ടതുണ്ട്. ജലവൈദ്യുതോല്‍പാദനം ഇരട്ടിയാക്കണം. കൂടുതല്‍ അചിന്ത്യമായ കാര്യം മോട്ടോര്‍വാഹനങ്ങളുടെ നിയന്ത്രണമാണ്. ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയില്‍ റിപോര്‍ട്ട് ചര്‍ച്ചയ്ക്കു വരും. ഇപ്പോള്‍ തന്നെ കല്‍ക്കരിയുടെ ഉപയോഗം കുറയ്ക്കുന്നതിനെ സംബന്ധിച്ച് ഉയര്‍ന്ന സെല്‍ഷ്യസിലുള്ള കലഹം ആരംഭിച്ചു കഴിഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss