1.3 കോടി 'അനധികൃത'പൗരന്മാര്‍ക്ക്  ചൈനയില്‍ താമസാനുമതി

ബെയ്ജിങ്: രാജ്യത്ത് 'അനധികൃതമായി' താമസിച്ചുവരുന്ന 1.3 കോടിയോളം പൗരന്മാര്‍ക്ക് ചൈന താമസാനുമതി നല്‍കുന്നു. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് അനുമതിയില്ലാതെ താമസിക്കുന്നവരില്‍ ഭൂരിപക്ഷവും ചൈനയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒറ്റക്കുട്ടി നയം ലംഘിച്ചു മാതാപിതാക്കള്‍ രഹസ്യമായി ജന്മം നല്‍കിയവരാണ്. കുട്ടികളുടെ വിദ്യാഭ്യാസവും പൗരന്മാരുടെ ആരോഗ്യപരിരക്ഷയും ഉറപ്പാക്കാന്‍ പുതിയ നടപടിയിലൂടെ സാധിക്കും.
വിവാഹിതരാവുമ്പോഴും ബാങ്ക് അക്കൗണ്ട് ലഭിക്കുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും രജിസ്‌ട്രേഷന്‍ (ഹുകുവോ) ആവശ്യമാണ്. ചൈനയിലെ ഒറ്റക്കുട്ടിനയം കാറ്റില്‍പറത്തി ജനിച്ചവരോ അനാഥരോ വീടില്ലാത്തവരോ ആയ നിരവധി പേര്‍ക്ക് രാജ്യത്തു താമസാവകാശമില്ലാത്തതിനാല്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ല.
നഗരങ്ങളിലും ഗ്രാമങ്ങളിലുമായി രണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഇതിനോടകം തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒറ്റക്കുട്ടി നയത്തില്‍ മാറ്റം കൊണ്ടുവരുമെന്നു ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചൈനയില്‍ ഒറ്റക്കുട്ടിനയം നടപ്പാക്കിയത്.
കുടുംബാസൂത്രണവും മറ്റു നയങ്ങളും പരിഗണിക്കാതെയായിരിക്കും താമസാവകാശം നല്‍കുകയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it