Kottayam Local

1.25 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍



എരുമേലി: 1.25 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടിയികൂടി. കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവും അടിപിടി കേസുകളില്‍ പ്രതിയായ യുവാവുമാണ് പിടിയിലായത്. പോലിസിലെ മഫ്തി സ്‌ക്വാഡ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലക്കേസില്‍ പ്രതിയായ പനച്ചേപ്പളളി കാവുങ്കല്‍ ആനകണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന അജയ് (22), അടിപിടി കേസുകളില്‍ പ്രതിയായ പാലമ്പ്ര ഊത്തോലില്‍ ജുനൈദ് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ കൊരട്ടി പാലത്തിനടുത്ത് വച്ചാണ് സംഭവം.ഇവരില്‍ നിന്ന് 1.25 കിലോ കഞ്ചാവ് പിടികൂടിയെന്ന് സ്‌ക്വാഡിന് നേതൃത്വം നല്‍കിയ മണിമല സിഐ ടി ഡി സുനില്‍ കുമാര്‍ പറഞ്ഞു. കമ്പത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ജുനൈദ് പറഞ്ഞെന്ന് പോലിസ് പറയുന്നു. വില്‍ക്കാന്‍ വേണ്ടിയാണ് അജയ് കഞ്ചാവ് വാങ്ങാനെത്തിയത്. കോളജ്, പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കാണു വിറ്റഴിക്കുന്നത്. ഇവരുടെ പേരു വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരും രക്ഷിതാക്കളും ജാഗ്രതയോടെ തടയണമെന്നും പോലിസ് പറഞ്ഞു. ജില്ലാ പോലിസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കഞ്ചാവ് മയക്ക് മരുന്ന് ഉപയോഗവും വില്‍പ്പനയും പിടികൂടാനായി ഒന്നര മാസം മുമ്പ് ആറംഗ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. ഈ സ്‌ക്വാഡാണ് പ്രതികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് കഞ്ചാവ് കൈമാറുമ്പോള്‍ പിടികൂടിയത്. പിടികൂടുമ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ട് കുതറി ഓടാന്‍ ശ്രമം നടത്തി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പനച്ചേപ്പളളിയില്‍ കടയില്‍ നിന്ന് ഉപ്പ് വാങ്ങിയതിന്റെ വിലയെ ചൊല്ലിയുണ്ടായ അടിപിടിയില്‍ കുന്നത്ത് സുകുമാരന്‍ എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയാണ് പിടിയിലായ അജയ്. സിഐ ടി ഡി സുനില്‍ കുമാറിനൊപ്പം എസ്‌ഐ മുരളീധരന്‍, എഎസ്‌ഐ കുരുവിള, മണിമല സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫിസര്‍ അഭിലാഷ്, പ്രതാപ് ചന്ദ്രന്‍, അബ്ദുല്‍ ലത്തീഫ്, പ്രദീപ് എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it