700 അഭയാര്‍ഥികള്‍ മരിച്ചെന്നു സംശയിക്കുന്നതായി യുഎന്‍

റോം/ജനീവ/പാരിസ്: കഴിഞ്ഞ ദിവസങ്ങളില്‍ മെഡിറ്ററേനിയന്‍ കടലിലുണ്ടായ മൂന്നു ബോട്ടപകടങ്ങളിലായി 700ലധികം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചെന്നു സംശയിക്കുന്നതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്‌സിആര്‍). ബുധനാഴ്ചയായിരുന്നു അദ്യ അപകടം. 600ഓളം അഭയാര്‍ഥികളുമായി യാത്രതിരിച്ച ബോട്ട് ലിബിയന്‍ തീരത്തിനു സമീപം മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരെ രക്ഷിച്ചതായി ഇറ്റാലിയന്‍ സേന അറിയിച്ചിരുന്നെങ്കിലും ഒട്ടേറെപ്പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് യുഎന്‍എച്ച്‌സിആര്‍ വക്താവ് വില്യം സ്പിന്‍ഡ്‌ലെര്‍ അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായിരുന്നു അടുത്ത രണ്ടപകടങ്ങള്‍. മൂന്നപകടങ്ങളില്‍ 700ഓളം പേരെയാണ് കാണാതായത്. ലിബിയയില്‍നിന്ന് നിരവധി അഭയാര്‍ഥി ബോട്ടുകള്‍ ഇറ്റലിയിലേക്കു യാത്ര തിരിക്കുന്നുണ്ട്. കടലിലൂടെ ഇത്തരം ചെറിയ ബോട്ടുകളിലൂടെ അഭയാര്‍ഥികള്‍ സഞ്ചരിക്കുന്നതിനു വിലക്കേര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്നും സ്പിന്‍ഡ്‌ലെര്‍ പറഞ്ഞു. വ്യാഴാഴ്ച മുങ്ങിപ്പോയ ബോട്ടില്‍ നിന്നുള്ള 550 പേരെക്കുറിച്ചുള്ള വിവരവും ലഭിച്ചിട്ടില്ല. 670 യാത്രക്കാരുമായി തിരിച്ച ബോട്ടിന് എന്‍ജിനില്ലായിരുന്നുവെന്നും മറ്റൊരു ബോട്ടുമായി ബന്ധിപ്പിച്ചായിരുന്നു ചലിച്ചിരുന്നതെന്നും രക്ഷപ്പെട്ട അഭയാര്‍ഥികള്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ രണ്ടു മല്‍സ്യബന്ധന ബോട്ടുകളിലായി 1100ഓളം പേര്‍ ലിബിയയിലെ സബ്രത്തയില്‍നിന്ന് ഇറ്റലിയിലേക്കു യാത്ര തിരിക്കുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു. ബുധനാഴ്ചത്തെ ബോട്ടപകടത്തില്‍പ്പെട്ട നൂറോളം പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് യുഎന്‍എച്ച്‌സിആര്‍ വക്താവ് കര്‍ലോട്ട സമി പറഞ്ഞു. അപകടത്തില്‍നിന്നു രക്ഷപ്പെടുത്തിയവരെ ഇറ്റലിയിലെ ടറന്‍ടോ, പൊസാലോ തുറമുഖങ്ങളില്‍ എത്തിച്ചു. 25ഓളം പേരാണ് വ്യാഴാഴ്ചത്തെ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. കടലില്‍ മുങ്ങിയ 79 പേരെ രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിയെടുത്തു. 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വെള്ളിയാഴ്ച മുങ്ങിയ കപ്പലില്‍നിന്ന് 49 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സമി അറിയിച്ചു. അതേസമയം ഇന്നലെ ഇംഗ്ലീഷ് ചാനലിലുണ്ടായ ബോട്ടപകടത്തില്‍പ്പെട്ട 25 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഫ്രാന്‍സിന്റെ എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it