|    Dec 10 Sat, 2016 6:14 pm

ഹൗസ് മെയ്ഡ് വിസയുടെ മറവില്‍ ചൂഷണം വ്യാപകം

Published : 21st October 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുവേലക്കാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിസാ ഏജന്‍സികളുടെ തട്ടിപ്പും ചൂഷണവും ശക്തമാവുന്നു. വിദേശ രാജ്യങ്ങളിലേക്ക് വീട്ടുവേലയ്ക്കായി പോവുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയവും എമിഗ്രേഷന്‍ വിഭാഗവും നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ചില ഉദ്യോസ്ഥരും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തട്ടിപ്പുകള്‍ വ്യാപകമാവുന്നതിന്റെ പ്രധാന കാരണം.
യുവതികളെ ബ്യൂട്ടീഷന്‍ വിസയില്‍ എത്തിച്ച് വീട്ടുവേല ചെയ്യിക്കുക, സ്റ്റാമ്പ് ചെയ്ത വിസ ഇളക്കിമാറ്റി മറ്റൊരു രാജ്യത്ത് എത്തിക്കുക, ചില വിമാനത്താവള ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നിയമവിരുദ്ധമായി രാജ്യം കടത്തുക തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് വിസാ റാക്കറ്റുകള്‍ സ്ത്രീകളെ സൗദിയിലെത്തിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം അടിസ്ഥാനമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും എമിഗ്രേഷന്‍ വിഭാഗത്തിനും ഇന്ത്യന്‍ എംബസി റിപോര്‍ട്ട് നല്‍കാറുണ്ടെങ്കിലും വിസ റാക്കറ്റുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുന്നില്ല. എമിഗ്രേഷന്‍ വിഭാഗം കരിമ്പട്ടികയില്‍ പെടുത്തിയ റിക്രൂട്ടിങ് ഏജന്‍സികളില്‍ പലതും ഇപ്പോഴും സജീവമാണ്. മുംബൈ കേന്ദ്രമാക്കിയുള്ള ഒരു റിക്രൂട്ടിങ് ഏജന്റിനെതിരേ ഇന്ത്യന്‍ എംബസി നിരവധി തവണ റിപോര്‍ട്ട് ചെയ്ത ശേഷമാണ് എമിഗ്രേഷന്‍ വിഭാഗം നടപടി സ്വീകരിച്ചത്.
യുവതികളെ വീട്ടുവേലയ്‌ക്കെത്തിച്ചു ചൂഷണം ചെയ്യല്‍, മറ്റു ജോലിക്കെന്ന പേരില്‍ എത്തിച്ച് ഒട്ടകത്തെ മേ—ക്കാന്‍ ഉപയോഗിക്കുക തുടങ്ങിയ നിരവധി കേസുകള്‍ക്കുപിന്നില്‍ പലപ്പോഴും റിക്രൂട്ടിങ് ഏജന്‍സികളായിരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. മുംബൈയിലെയോ ദല്‍ഹിയിലെയോ സൗദി എംബസി മുഖേന വിസ അടിച്ച ശേഷം അത് വിദഗ്ധമായി ഇളക്കിമാറ്റുന്നു. പിന്നീട് യുഎഇയിലേക്ക് സന്ദര്‍ശക വിസയെടുത്ത് സ്ത്രീകളെ ദുബയിലെത്തിക്കുന്നു. തുടര്‍ന്ന് ഇളക്കിമാറ്റിയ സൗദി വിസ വീണ്ടും പാസ്‌പോര്‍ട്ടില്‍ പതിച്ച് സ്ത്രീകളെ വീട്ടുവേലയ്ക്ക് സൗദിയിലെത്തിക്കുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി. സ്റ്റാമ്പ് ചെയ്ത വിസ ഇളക്കിമാറ്റാനും വീണ്ടും പതിക്കാനും അതിവിദഗ്ധരായ ഏജന്റുമാര്‍ കേരളത്തിലും ദുബയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
വീട്ടുവേലക്കാരിയെ സൗദിയില്‍ എത്തിക്കുന്നതിന് തൊഴിലുടമയില്‍ നിന്ന് 25,000 റിയാല്‍വരെ ഏജന്‍സികള്‍ ഈടാക്കുന്നു. വന്‍തുക നല്‍കി കൊണ്ടുവന്ന വേലക്കാരിയായതിനാല്‍ പലപ്പോഴും അടിമകളോട് എന്ന തരത്തിലാണ് തൊഴിലുടമകള്‍ പെരുമാറുക. ഒരേസമയം നാലു വീടുകളില്‍ വീട്ടുവേല ചെയ്യിപ്പിക്കുക, ശാരീരികമായും മാനസികമായും ഉപദ്രവിക്കുക, ക്രൂരമായി ശിക്ഷിക്കുക, ശമ്പളവും ഭക്ഷണവും നല്‍കാതിരിക്കുക തുടങ്ങിയ നിരവധി തൊഴില്‍ പീഡനങ്ങളാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായി എത്തിപ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നത്.
തബൂക്കില്‍ ഒരു സര്‍വകലാശാല ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലിക്കെത്തിയ ഇടുക്കി ശാന്തമ്പാറ സ്വദേശിനി മോളി സെബാസ്റ്റിയന്‍, വാദിദവസാറില്‍ എത്തിയ ഇടുക്കി സ്വദേശിനി ഷൈനി തുടങ്ങിയവരെ സന്നദ്ധപ്രവര്‍ത്തകര്‍ ഇടപെട്ടാണ് നാട്ടില്‍ എത്തിച്ചത്. ഷൈനിയുടെ സഹോദരി ഷൈബി കഴിഞ്ഞ എട്ടു മാസമായി ഇത്തരത്തില്‍ റിയാദില്‍ കഴിയുന്നു. ആലപ്പുഴ തുമ്പോളി സ്വദേശിനി മേരി ഭാസി സെബാസ്റ്റിയന്‍ കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങി. എട്ടുമാസം മുമ്പ് ജോലിക്കെത്തിയ മേരിക്ക് ആറായിരം റിയാല്‍ തൊഴിലുടമയ്ക്കു നഷ്ടപരിഹാരമായി നല്‍കിയ ശേഷം മാത്രമാണ് നാട്ടിലേക്കു മടങ്ങാന്‍ സാധിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക