|    Dec 3 Sat, 2016 3:49 am
FLASH NEWS

ഹോട്ടല്‍ ഭക്ഷണം കഴിച്ച അസിസ്റ്റന്റ് കലക്ടര്‍ക്ക് ഭഷ്യവിഷബാധ: താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ദേശം

Published : 24th November 2016 | Posted By: SMR

വടകര: വടകരയില്‍ നിന്നു ഭക്ഷണം കഴിച്ച കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. വടകര താലൂക്ക് ഓഫിസില്‍ ഔദ്യോഗിക കാര്യത്തിനെത്തിയ അസി. കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസിനാണ് ഭക്ഷ്യവിഷബാധയേറ്റത്. താലൂക്ക് ഓഫിസില്‍ നിന്ന് ഉച്ചയോടെ ഇറങ്ങിയ ഇദ്ദേഹം വടകര നഗരത്തിലെ ബ്ലൂ ഡയമണ്ട് ഹോട്ടലില്‍ നിന്നു പാര്‍സല്‍ വാങ്ങിച്ച വെജിറ്റബിള്‍ ബിരിയാണിയാണു കഴിച്ചത്. ഭക്ഷണം കഴിച്ചതിനു ശേഷം യാത്രയിലായിരുന്ന കലക്ടര്‍ക്ക് കൊയിലാണ്ടി എത്തിയപ്പോഴേക്കും ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും പിടിപെട്ടു. തുടര്‍ന്ന് ഉള്ള്യേരിയിലെ മുടക്കല്ലൂര്‍ മലബ്ബാര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്.
അസി. കലക്ടര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് സംഘം വടകരയിലെത്തി ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ കാലാവധി കഴിഞ്ഞ തൈരുകള്‍, ഹോട്ടലിനുള്ളിലെ വൃത്തിഹീനമായ അവസ്ഥ എന്നിവ കണ്ടെത്തി. ഫുഡ് സേഫ്റ്റി ലൈസന്‍സ്, വെള്ളം പരിശോധിച്ച റിപോര്‍ട്ട് എന്നിവ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും പരിശോധനാ സമയത്ത് ഹോട്ടല്‍ നടത്തിപ്പുകാരന്‍ ഇല്ലാത്തതിനാല്‍ ഇവ ഒന്നുംതന്നെ കാണിക്കാന്‍ ഹോട്ടലിലെ ജീവനക്കാര്‍ക്കു കഴിഞ്ഞില്ല.
സംഭവം നടന്നയുടനെ വടകര നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി അസി. കലക്ടര്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും റസ്റ്റ് ഹൗസില്‍ നിന്ന് അദ്ദേഹം ഉപേക്ഷിച്ച ഭക്ഷണപദാര്‍ഥങ്ങളും പരിശോധനയ്ക്കായി എടുത്തിരുന്നു. ഈ സാധനങ്ങളെല്ലാം കോഴിക്കോട് നിന്നെത്തിയ സംഘം വാങ്ങിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ വൃത്തിഹീനമായതിനാലും കാലാവധി കഴിഞ്ഞ പദാര്‍ഥങ്ങള്‍ പിടിച്ചതു കാരണത്താലും താല്‍ക്കാലികമായി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.
മാത്രമല്ല ഹോട്ടലിന് നല്‍കിയ നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തതിനു ശേഷം കത്ത് നല്‍കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കത്ത് ലഭിച്ച് ഹോട്ടല്‍ പരിശോധിച്ചതിനു ശേഷമേ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പരിശോധിച്ചശേഷം വിഷബാധയേറ്റ കാരണം വല്ലതും കണ്ടെത്തുകയാണെങ്കില്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day