|    Dec 11 Sun, 2016 1:27 pm
FLASH NEWS

ഹൈക്കോടതി പരിസരത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ

Published : 19th November 2016 | Posted By: SMR

കൊച്ചി: കേരള ഹൈക്കോടതി പരിസരത്ത് നിരോധനാജ്ഞ. ഹൈക്കോടതി മന്ദിരത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനം, യോഗം, സംഘം ചേരല്‍, ഉച്ചഭാഷിണി ഉപയോഗം എന്നിവ നിരോധിച്ച് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ഉത്തരവിട്ടു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 144 (3) വകുപ്പ് പ്രകാരമുള്ള ഉത്തരവ് 2016 നവംബര്‍ 17 മുതല്‍ രണ്ടു മാസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. കേരള ഹൈക്കോടതിയുടെ 2016 ജൂലൈ 27ലെ ഇടക്കാല ഉത്തരവിന്റെയും അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ 2016 നവംബര്‍ 10നു നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ കലക്ടറുടെ ഉത്തരവ്.  പൊതുജനങ്ങള്‍ വലിയതോതില്‍ നീതി തേടിയെത്തുന്ന സ്ഥാപനമെന്ന നിലയില്‍ നിരോധനം അത്യാവശ്യമാണ്. കഴിഞ്ഞ ജൂലൈ 19 മുതല്‍ 22 വരെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഭവത്തില്‍ ഗുരുതരമായ ക്രമസമാധാനപ്രശ്‌നമുണ്ടായി. ഭാവിയില്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും രീതിയിലുള്ള തടസ്സം സൃഷ്ടിക്കുന്ന അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവരുത്. അഡ്വക്കറ്റ് ജനറല്‍ ഓഫിസ്, ബാര്‍ കൗണ്‍സില്‍ ഓഫ് കേരള, അഡ്വക്കറ്റ് അസോസിയേഷന്‍ ബില്‍ഡിങ്, ഷണ്‍മുഖം റോഡ് മുതല്‍ മാര്‍ക്കറ്റ് റോഡ് വരെ, ഹൈക്കോടതിയില്‍ നിന്നു വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വരെ, ഹൈക്കോടതി റോഡിലുള്ള ഇആര്‍ജി റോഡ്, സാലിം അലി റോഡ് പരിസരം, മത്തായി മാഞ്ഞൂരാന്‍ റോഡില്‍ നിന്ന് 100 മീറ്റര്‍ അകലം, ഹൈക്കോടതിയില്‍ നിന്നു ബാനര്‍ജി റോഡ് വരെയുള്ള 150 മീറ്റര്‍, സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ റോഡ് മുതല്‍ കോമ്പാറ ജങ്ഷന്‍ വരെ, ഷണ്‍മുഖം റോഡില്‍ നിന്നു 209 മീറ്റര്‍ അകലം എന്നിവിടങ്ങളില്‍ പ്രകടനവും സംഘം ചേരലും ഉച്ചഭാഷിണി ഉപയോഗവും നിരോധിച്ചാണ് ഉത്തരവ്. കൊച്ചി സിറ്റി പോലിസ് ചീഫിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ നിയമവകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക