|    Oct 28 Fri, 2016 4:16 am
FLASH NEWS

ഹാരിസണ്‍: റവന്യൂ പ്ലീഡറെ മാറ്റി: കേസുകളില്‍ തിരിച്ചടിയാവും; സംസ്ഥാന താല്‍പര്യത്തിന് എതിരെന്ന് ചെന്നിത്തല

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ അനധികൃത ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് അനുകൂലമായ ഒട്ടേറെ വിധികള്‍ നേടിയ റവന്യൂവകുപ്പ് ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ടിനെ തല്‍സ്ഥാനത്തുനിന്നു സര്‍ക്കാര്‍ നീക്കി. ഹാരിസണ്‍, കരുണ കേസുകള്‍ നിര്‍ണായകഘട്ടത്തിലിരിക്കെയാണ് സുശീല ഭട്ടിനെ നീക്കിയത്.
പുതിയ സര്‍ക്കാര്‍ വന്ന സാഹചര്യത്തിലാണ് ഇവരെ മാറ്റാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ എ ല്‍ഡിഎഫ് തലത്തില്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സുശീല ഭട്ടിനെ മാറ്റാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് പ്രത്യേക ഉത്തരവിലൂടെയാണ് സുശീല ഭട്ടിനെ റവന്യൂ അഭിഭാഷകയായി നിയമിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ ഹാരിസണും ടാറ്റയ്ക്കും എതിരേ സ്വീകരിച്ച നടപടിമൂലം ഒരുലക്ഷത്തോളം ഏക്കര്‍ പാട്ടഭൂമി സര്‍ക്കാരിന് തിരിച്ചുലഭിച്ച സാഹചര്യത്തില്‍ സുശീല ഭട്ടിനെ മാറ്റുന്നത് കേസുകളില്‍ തിരിച്ചടിക്കു കാരണമായേക്കും. മിക്ക കേസുകളിലും സര്‍ക്കാര്‍ തോ ല്‍ക്കുമ്പോള്‍ ഹാരിസണ്‍ വിഷയത്തില്‍ വിജയം കൈവരിക്കാ ന്‍ സഹായിച്ചത് സുശീല ഭട്ട് കേസ് കൈകാര്യം ചെയ്ത രീതികൊണ്ടു മാത്രമായിരുന്നു.
സര്‍ക്കാര്‍ പ്ലീഡറെ മാറ്റാന്‍ ഹാരിസണും ടാറ്റയും വന്‍ സമ്മര്‍ദ്ദമാണ് തിരഞ്ഞെടുപ്പുകാലത്തു തന്നെ നടത്തിവന്നത്. ഹൈക്കോടതിയുടെ പരിധിയിലുള്ള നിരവധി ഭൂമിയിടപാട് കേസുകളുടെ ചുമതല 10 വര്‍ഷത്തോളമായി സുശീല ഭട്ടിനാണ്. ഈ കേസുകളിലെല്ലാം നിര്‍ണായകമായ ഇടപെടലുകളാണ് സുശീല ഭട്ട് നടത്തിയത്. ഇവരുടെ ഇടപെടല്‍കൊണ്ടാണ് ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് കലക്ടര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ തീരുമാനമായത്. ഹാരിസണ്‍ ഭൂമിയിടപാടില്‍ സര്‍ക്കാരിനായി കടുത്ത നിലപാടാണ് ഹൈക്കോടതിയില്‍ സുശീല ഭട്ട് എടുത്തിരുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സുശീല ഭട്ടിനെ മാറ്റാന്‍ നീക്കം നടന്നിരുന്നു. അതിനെതിരേ വിമര്‍ശനം ശക്തമായപ്പോള്‍ ടാറ്റയ്ക്കും ഹാരിസണിനും എതിരായ കേസുകള്‍ മാത്രം സുശീലയില്‍ നിന്ന് മാറ്റാനും നീക്കം നടന്നു. ഒടുവില്‍ ടാറ്റയുടെയും ഹാരിസണിന്റെയും കേസുകള്‍ അവരില്‍നിന്ന് മാറ്റരുതെന്ന് 2012 മാര്‍ച്ചില്‍ അന്ന ത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്ത് പ്രത്യേക ഉത്തരവിറക്കി. അതിന്റെ ബലത്തിലാണ് ഇവര്‍ തുടര്‍ന്നത്.
സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ മിക്കവാറും വകുപ്പുകളിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരെ മാറ്റുന്നുണ്ട്. അത് അവസരമാക്കി സുശീല ഭട്ടിനെയും മാറ്റുകയായിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഹാരിസണിന്റെ കൈവശമുള്ള മുപ്പതിനായിരം ഏക്കറിലധികം ഭൂമി എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യം ഏറ്റെടുത്തിരുന്നു. സുശീല ഭട്ടിനെ നീക്കിയ നിലപാട് തെറ്റാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി ഏകാധിപതിയാവാനാണ് ശ്രമിക്കുന്നതെന്നും തീരുമാനം സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day