|    Dec 10 Sat, 2016 2:44 am
FLASH NEWS

ഹര്‍മീന്ദര്‍ മിന്ദൂ ഡല്‍ഹിയില്‍ പിടിയിലായി

Published : 28th November 2016 | Posted By: G.A.G

mintooന്യൂഡല്‍ഹി: പഞ്ചാബില്‍ സായുധസംഘം ജയില്‍ ആക്രമിച്ച് രക്ഷപ്പെടുത്തിയ ഖലിസ്ഥാന്‍ മൂവ്‌മെന്റ് നേതാവ് ഹര്‍മീന്ദര്‍ സിങ് മിന്ദൂ ഡല്‍ഹിയില്‍ പിടിയിലായി. ഇന്നലെയാണ് മിന്ദു ഉള്‍പ്പെടെ അഞ്ചു തടവുകാരെ പോലിസ് യൂനിഫോമിലെത്തിയ 10 പേരടങ്ങുന്ന സംഘം ജയില്‍ ആക്രമിച്ച്് രക്ഷപ്പെടുത്തിയത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയാണ് ഹര്‍മീന്ദര്‍ സിങ് മന്ദൂ. ആക്രമണകാരികളില്‍ ഒരാളായ പര്‍വീന്ദര്‍ സിങിനെ ഇന്നലെ വൈകീട്ട് യുപിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹിയില്‍ നിന്ന് 280 കിലോമീറ്റര്‍ ദൂരെയുള്ള നാഭാ ജയിലില്‍ ഇന്നലെ രാവിലെ 8.30നാണ് ആക്രമണമുണ്ടായത്. പോലിസ് യൂനിഫോമിലെത്തിയ സംഘം തുടര്‍ച്ചയായി നിറയൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ജയിലിനു നേരെ ആക്രമണം നടത്തിയത്. രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. ഗേറ്റില്‍ ഉണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച ശേഷമാണ് വെടിവയ്പ് നടത്തിയത്. സംഭവത്തില്‍ രണ്ടു പോലിസുകാര്‍ക്കും പരിക്കേറ്റു. ജയിലിന് അതീവ സുരക്ഷയൊരുക്കിയിരുന്നു.
നിരോധിത ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് നേതാവാണ് 49കാരനായ ഹര്‍മീന്ദര്‍ സിങ്. വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് എന്നിവരാണ് രക്ഷപ്പെട്ട മറ്റുള്ളവര്‍.
നിരവധി ഭീകരവാദ കേസുകളില്‍ പ്രതിയായ ഹര്‍മീന്ദര്‍ സിങിനെ 2014ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പോലിസ് പിടികൂടിയത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2008ല്‍ ദേരാസച്ചാ സൗദ മേധാവി ഗുര്‍മീത് രാം റഹീം സിങിനെ കൊലപ്പെടുത്തിയ കേസിലും 2010ല്‍ ഹല്‍വാരയിലെ വ്യോമസേനാ കേന്ദ്രത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച കേസിലും ശിവസേനാ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഹര്‍മീന്ദര്‍ സിങ്.
പ്രത്യേക സിഖ് രാഷ്ട്രം രൂപീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ യൂറോപ്യന്‍കിഴക്കനേഷ്യന്‍ രാജ്യങ്ങളും ഇയാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യാത്രകള്‍ക്കായി വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചിരുന്ന ഇയാള്‍, പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പോലിസ് പറയുന്നു.
ആക്രമണത്തെ തുടര്‍ന്ന് ജയില്‍ ഡിജിപിയെ പഞ്ചാബ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു. സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. ആക്രമണം സംബന്ധിച്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 294 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day