|    Oct 27 Thu, 2016 8:20 pm
FLASH NEWS

ഹരിപ്പാട് മെഡിക്കല്‍ കോളജ്: വ്യക്തത വരുത്താന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല; പൊതുമരാമത്ത് വിജിലന്‍സ് റിപോര്‍ട്ട് സര്‍ക്കാര്‍ തള്ളി

Published : 17th June 2016 | Posted By: mi.ptk

തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ റിപോര്‍ട്ട് സര്‍ക്കാ ര്‍ തള്ളി. പ്രധാന വിഷയങ്ങളി ല്‍ വ്യക്തതവരുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിയാത്ത സാഹചര്യത്തില്‍ റിപോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും തള്ളുകയാണെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംശയനിവാരണത്തിനായി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയെങ്കിലും കൂടുതലൊന്നും വ്യക്തമാക്കാന്‍ അദ്ദേഹത്തിനായില്ല. ഇതേ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസുള്ളതിനാ ല്‍ മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുന്നില്ല. ഹൈക്കോടതി വിധിക്കുശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും. മുന്‍ സര്‍ക്കാരും അന്നത്തെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല സ്വീകരിക്കുന്ന നിലപാടാണ് വിജിലന്‍സ് റിപോര്‍ട്ടിലും കാണുന്നത്. അവ്യക്തമായ റിപോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന്, അതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി. അന്വേഷണ റിപോര്‍ട്ടില്‍നിന്ന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ലെന്നു വ്യക്തമാണ്. ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് 2015 ജൂണ്‍ 30ന് ടെന്‍ഡര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും 4.61 കോടി രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നും കാണിച്ച് ടെന്‍ഡറില്‍നിന്ന് പുറന്തള്ളിയ ആന്‍സണ്‍സ് ഗ്രൂപ്പാണ് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയത്. ആന്‍സണ്‍സ് ഗ്രൂപ്പിന് പുറമേ എറണാകുളം കേന്ദ്രീകരിച്ചുള്ള ആര്‍ച്ചി മെട്രിക്‌സ് എന്ന സ്ഥാപനവും ടെന്‍ഡര്‍ നല്‍കിയിരുന്നു. മുന്‍പരിചയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആന്‍സണ്‍സിനെ ഒഴിവാക്കിയത്. ഒരു കമ്പനി മാത്രമായതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ നേരത്തേ തള്ളപ്പെട്ട ആന്‍സണ്‍സ് ഗ്രൂപ്പടക്കം അഞ്ചുപേരാണ് അപേക്ഷിച്ചത്. ഇതില്‍ കുറവ് തുക ക്വാട്ട് ചെയ്ത ആന്‍സണ്‍സ് ഗ്രൂപ്പിനെ പ്രാഥമിക ചെലവ് എസ്റ്റിമേറ്റ് നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിവാക്കി. യോഗ്യതയില്ലെന്ന കാരണത്താ ല്‍ മറ്റ് ടെന്‍ഡറുകളും തള്ളി. മാനദണ്ഡമനുസരിച്ച് ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത ആര്‍ച്ചി മെട്രിക്‌സ് സ്ഥാപനം മാത്രമേ ടെന്‍ഡറില്‍ യോഗ്യത നേടിയിട്ടുള്ളൂവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഏകപക്ഷീയമായി ടെന്‍ഡര്‍ ഉറപ്പിച്ചത് ചട്ടപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥാപിക്കാത്തത് സംശയമുണ്ടാക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആര്‍ച്ചി മെട്രിക്‌സിന് കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാരിന് 40.29 കോടി രൂപ ലാഭമുണ്ടായെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. യോഗ്യതയുള്ള മറ്റ് അപേക്ഷകര്‍ മല്‍സരത്തിനില്ലാത്ത പശ്ചാത്തലത്തില്‍ എന്തടിസ്ഥാനത്തിലാണ് സര്‍ക്കാരിന് ലാഭമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥാപിക്കുന്നതിലും സര്‍ക്കാരിന് സംശയമുണ്ട്. ആര്‍ച്ചി മെട്രിക്‌സ് ഗ്രൂപ്പിന്റെ ഏരിയാ പ്രൊജക്ട് കോസ്റ്റ് അംഗീകരിച്ചത് ചട്ടപ്രകാരം ശരിയാണെന്ന കാര്യവും റിപോര്‍ട്ടിലില്ല. സാങ്കേതികപ്രശ്‌നമുണ്ടായിട്ടും നിര്‍മാണത്തിന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കാത്തതിനോടും റിപോര്‍ട്ട് മൗനം പാലിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം 100 ബെഡ്ഡുള്ള മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ എത്ര ഏക്കര്‍ വേണമെന്നും അതിന്‍പ്രകാരമാണോ ടെന്‍ഡറെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചിട്ടില്ല. അതേസമയം, പാലക്കാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ച് പി രാജീവ് ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ചും പൊതുമരാമത്ത് വിജിലന്‍സ് അന്വേഷണം തുടങ്ങിയതായും മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day