|    Dec 9 Fri, 2016 6:57 pm
FLASH NEWS

ഹരിത കേരള മിഷന്‍ പദ്ധതികള്‍ ഡിസംബര്‍ എട്ടിന് തുടങ്ങും

Published : 26th November 2016 | Posted By: SMR

കണ്ണൂര്‍: നവകേരളമിഷന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് ഹരിതകേരള മിഷന്‍ പദ്ധതികള്‍ക്ക് തുടക്കമാവും. ശുചിത്വം, മാലിന്യസംസ്‌കരണം, ജലവിഭവസംരക്ഷണം, ജൈവകൃഷിയിലൂന്നിയ കാര്‍ഷിക വികസനം എന്നീ മേഖലകളെ സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് പ്രാരംഭഘട്ടത്തില്‍ നടപ്പാക്കുക. ഇതിന്റെ ഭാഗമായി എട്ടിന് മുഴുവന്‍ വീടുകളിലും ഫഌറ്റുകളിലും ശുചിത്വ സര്‍വേ നടത്തുമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. ഇതിനായി സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. റോഡരികുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ നടപ്പാക്കുന്ന പദ്ധതിയും അന്നു തുടങ്ങും. കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിര്‍ബന്ധമായും പദ്ധതി നടപ്പാക്കും. പഞ്ചായത്തുകള്‍ക്ക് സൗകര്യമനുസരിച്ച് ഇതു നടപ്പാക്കാം. അതാത് തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യൂത്ത് ക്ലബ്ബുകള്‍, സര്‍വീസ് സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, എന്‍എസ്എസ്, എന്‍സിസി, പരിസ്ഥിതി ക്ലബ്ബുകള്‍, നെഹ്‌റു യുവകേന്ദ്ര, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഹകരിക്കണം. കാംപയിനില്‍ പങ്കാളികളാവുന്നവര്‍ക്കുള്ള കൈയുറകള്‍, കാലുറകള്‍, മുഖാവരണം, പ്രവൃത്തി നടത്താനാവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയവ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. മാലിന്യക്കൂമ്പാരങ്ങളിലെ അഴുകുന്ന മാലിന്യങ്ങള്‍ ഗ്രോബാഗുകളില്‍ നിറച്ച് മണ്ണുചേര്‍ത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അഴുകാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യും. നമുക്ക് ആവശ്യമില്ലാത്തതും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദവുമായ സാധനങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന സ്വാപ് ഷോപ്പ് പദ്ധതിക്കും ഡിസംബര്‍ എട്ടിന് തുടക്കമാവും. നഗരസഭകളാണു തുടക്കത്തില്‍ ഇവ സ്ഥാപിക്കുക. താല്‍പര്യമുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതു നടപ്പാക്കാം. മിക്‌സി, ടിവി, മൊബൈല്‍, ചാര്‍ജര്‍, ലാപ്‌ടോപ്, ഇസ്തിരിപ്പെട്ടി, സ്റ്റീല്‍ പാത്രങ്ങള്‍, കുടകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, മെത്തകള്‍, തലയിണകള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, ഷൂസുകള്‍ തുടങ്ങിയ വൃത്തിയുള്ളതും ഉപയോഗയോഗ്യവുമായ സാധനങ്ങളാണ് ജനകീയ പങ്കാളിത്തത്തോടെ നഗരസഭകള്‍ ശേഖരിക്കേണ്ടത്. ഇവ ഇനംതിരിച്ച് വിതരണകേന്ദ്രങ്ങളിലെത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കും. ഡിസംബര്‍ എട്ടിന് ഓരോ സ്‌കൂളിലെയും കിണറുകള്‍ അണുവിമുക്തമാക്കുകയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യും. അതോടൊപ്പം പ്ലാസ്റ്റിക് കവറുകള്‍ വൃത്തിയാക്കി സ്‌കൂളിലെത്തിക്കുന്ന കലക്ടര്‍ അറ്റ് സ്‌കൂള്‍ പദ്ധതി ഡിസംബര്‍ ഒന്നുമുതല്‍ എല്ലാ വിദ്യാലയങ്ങളും ആരംഭിക്കണം. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്ന ക്ലാസുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ നല്‍കണം. ഡിസംബര്‍ എട്ടിനുമുമ്പായി എല്ലാ തദ്ദേശസ്ഥാപന ഓഫിസുകളും ഡിസ്‌പോസബ്ള്‍ ഫ്രീ പ്രഖ്യാപനം നടത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ തരിശായിക്കിടക്കുന്ന ഭൂമികള്‍ കണ്ടെത്തി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ഡിസംബര്‍ എട്ടിന് കൃഷിയിറക്കും. ആവശ്യമായ വിത്തുകള്‍ കൃഷിവകുപ്പ് ലഭ്യമാക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ കുളങ്ങള്‍, ചിറകള്‍ തുടങ്ങിയവ കാംപയിന്‍ ദിവസം വൃത്തിയാക്കും. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ ഓമന, ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സുരേഷ് കസ്തൂരി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day