|    Dec 6 Tue, 2016 11:23 pm
FLASH NEWS

ഹരിതകേരള മിഷന്‍ സുപ്രധാന ചുവടുവയ്പാവും: മുഖ്യമന്ത്രി

Published : 30th November 2016 | Posted By: SMR

കണ്ണൂര്‍: ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ഹരിതകേരള മിഷന്‍ സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ചേംബറില്‍നിന്ന് മിഷന്‍ ജില്ലാതല കമ്മിറ്റി അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. ആദ്യഘട്ടമെന്നോണം ഡിസംബര്‍ എട്ടിന് നടക്കുന്ന പരിപാടികളില്‍ കൃഷിവ്യാപനം, ജലസംരക്ഷണം, ശുചിത്വം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യസംസ്‌കരണം, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. വിദ്യാലയതലത്തില്‍ കര്‍മപദ്ധതികള്‍ നടപ്പാക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള പദ്ധതികളാണ് ഉള്‍പ്പെടുത്തേണ്ടത്. ഡിസംബര്‍ എട്ടിന് മിഷന്റെ തുടക്കം മാത്രമാണ്. പദ്ധതികളുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് ജില്ലാതലത്തില്‍ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വാര്‍ഡ്തലത്തിലും ഡിസംബര്‍ എട്ടിന് പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മിഷന്‍ ജില്ലാതല കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക അസംബ്ലി വിളിക്കും.ഓരോ തദ്ദേശസ്ഥാപനവും വാര്‍ഡ് തലത്തില്‍ മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഡിസംബര്‍ രണ്ടിനുമുമ്പ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. അവലോകന യോഗം ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റില്‍ ചേരും. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികളിലൂടെ പ്ലാസ്റ്റിക് സാധനങ്ങള്‍ സ്‌കൂളിലെത്തിക്കുന്ന പദ്ധതി ഡിസംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day