|    Dec 8 Thu, 2016 7:31 am
FLASH NEWS

ഹരിതകേരളം: വിദ്യാലയങ്ങളിലും വിപുലമായ പരിപാടികള്‍

Published : 2nd December 2016 | Posted By: SMR

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാലയങ്ങൡലും വിപുലമായ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എയ്ഡഡ്/സ്വാശ്രയ കോളജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, എന്‍എസ്എസ് കോ ഓഡിനേറ്റര്‍മാര്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.എട്ടിന് തുടക്കമിടുന്ന ഹരിതകേരളം പദ്ധതിയില്‍ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. സ്‌കൂളുകളില്‍ നടത്തുന്ന പരിപാടിയില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണം. സ്‌കൂളുകള്‍ക്ക് സ്വന്തം വിദ്യാലയങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം. പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളുടെയും വിവിധ ക്ലബുകളുടെയും സഹകരണം ഉറപ്പാക്കാം. ഹരിതകേരളത്തിന്റെ സന്ദേശം എത്തിക്കുന്ന ബാനറുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കാം. ജലസ്രോതസ് സംരക്ഷണം, കാര്‍ഷിക മേഖലാ വികസനം, പരിസര ശുചീകരണം, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കാവുന്നതാണ്. ജലസ്രോതസ് സംരക്ഷണത്തിന്റെ ഭാഗമായി ഉപയോഗ ശൂന്യമായ കുളങ്ങള്‍, കിണറുകള്‍ എന്നിവ സംരക്ഷിക്കുന്നതിനോടൊപ്പം നിലവിലുള്ള ജലസ്രോതസുകള്‍ യാതൊരു കാരണവശാലും നശിക്കുന്നതിന് ഇടയാകരുത്. ഭക്ഷ്യസ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിനായി തരിശുഭൂമി കൃഷി യോഗ്യമാക്കുന്ന പ്രവര്‍ത്തനത്തിനു തുടക്കമിടാവുന്നതാണ്. സ്‌കൂളുകളില്‍ ഇതിനായി ജൈവ പച്ചക്കറി തോട്ടം വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാവുന്നതാണ്. ഈ ദിവസം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാവുന്നതാണ്. ഈ മാസം എട്ടിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ശുചീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങള്‍വരെ കേന്ദ്രീകരിച്ച് ഹരിതകേരളം പ്രവര്‍ത്തനം നടപ്പാക്കണം. വീടുകള്‍, ഭക്ഷണശാലകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണം. ഹരിതാഭമായ കേരളവും ശുചിത്വവും എന്ന സന്ദേശം എല്ലാ ജനങ്ങളിലും എത്തിക്കുകയാണ് പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്. എഡിഎം അനു എസ്.നായര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി.വി കമലാസനന്‍ നായര്‍, ഡെപ്യൂട്ടി കലക്ടര്‍ റ്റിറ്റി ആനി ജോര്‍ജ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day