|    Dec 8 Thu, 2016 11:29 am

ഹരജികളില്‍ സ്ഥിരമായി ഐഎസ് ആരോപണം; അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടി

Published : 28th October 2016 | Posted By: SMR

കൊച്ചി: മുസ്‌ലിം യുവാക്കള്‍ക്കെതിരേ സ്ഥിരമായി ഐഎസ്  ബന്ധം ആരോപിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യുന്ന അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മുസ്‌ലിം സമുദായത്തില്‍പ്പെട്ട പുരുഷന്‍മാര്‍ എതിര്‍കക്ഷികളാവുന്ന ഹേബിയസ് കോര്‍പസ് ഹരജികളില്‍ കാണാതായ യുവതികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി സ്ഥിരമായി ഹാജരാവുന്ന ഹൈക്കോടതി അഭിഭാഷകനായ സി കെ മോഹനനെതിരേയാണ് കോടതി നടപടി.
നേരത്തേ ഒരു ഹരജിയില്‍  മഞ്ചേരിയിലെ സത്യസരണിക്കെതിരേ അന്വേഷണം നടത്തണമെന്നും അതു നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രമാണെന്നും അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം പോലിസ് അന്വേഷണം നടത്തുകയും സത്യസരണിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ചില ഹരജികളില്‍ ഐഎസ് ബന്ധമെന്ന ആരോപണം തന്നെ കോടതിയില്‍ അഭിഭാഷകന്‍ ആവര്‍ത്തിച്ചു.
സ്ഥിരമായി എല്ലാ ഹരജികളിലും ഒരേ ആരോപണം തന്നെ ഉന്നയിക്കുന്ന അഭിഭാഷകനോട് മുസ്‌ലിം യുവാക്കള്‍ക്കെതിരേ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിനെതിരേ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ ജഡ്ജിമാരോട് അഭിഭാഷകന്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു. കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള ഈ നടപടിയുടെ പേരിലാണ് അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഡിവിഷന്‍ബെഞ്ച് മുതിര്‍ന്നത്.
ഈ മാസം 24നു കോടതിയില്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച നടപടികള്‍ക്ക് കോടതി  തുടക്കം കുറിച്ചു. കോടതിയലക്ഷ്യ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഇന്നലെ നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഹാജരാകണമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അഭിഭാഷകന്‍ കൈപ്പറ്റിയില്ല. ഓഫിസ് അടച്ചിട്ടതിനാല്‍ നോട്ടീസുമായി എത്തിയ ജീവനക്കാരന്‍ മടങ്ങി.
ഇന്നലെ അഭിഭാഷകന്‍ ഹാജരാകുന്ന ഹേബിയസ് കോര്‍പസ് കേസിനു ശേഷം കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട കേസും കോടതി പരിഗണിച്ചു. എന്നാല്‍, രണ്ടു കേസിലും അഭിഭാഷകന്‍ ഹാജരായില്ല. വക്കാലത്തെടുത്ത കേസില്‍ ഈ അഭിഭാഷകനു പകരം മറ്റൊരാള്‍ ഹാജരായി. എന്നാല്‍, കോടതിയലക്ഷ്യ ഹരജിയില്‍ ഹാജരാകാന്‍ തനിക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് പകരക്കാരനായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തൃശൂരില്‍ നിന്നുള്ള യാത്രാമധ്യേയാണെന്നും ഉടനെ എത്തുമെന്നും ഈ അഭിഭാഷകന്‍ അറിയിച്ചെങ്കിലും അഡ്വ. മോഹനന്‍ ഹാജരായില്ല.
നേരിട്ട് നോട്ടീസ് ലഭിച്ചില്ലെങ്കിലും ഇന്നലെ ഹാജരാകണമെന്ന് കോടതി നേരത്തേ പറഞ്ഞത് അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍, ഇക്കാര്യത്തെക്കുറിച്ച് അഭിഭാഷകന്‍ അജ്ഞനാണെന്നു പറയാനാവില്ല. രാവിലെ 10.15ന് കോടതികളില്‍ സിറ്റിങ് ആരംഭിക്കുമെന്ന് അഭിഭാഷകന് അറിയാവുന്നതുമാണ്. അതിനാല്‍, അഭിഭാഷകന്‍ മനപൂര്‍വം ഹാജരാകാതിരുന്നതാണെന്നും കോടതി വിലയിരുത്തി. എന്നാല്‍, ഹൈക്കോടതിയിലെ തന്നെ ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ കടുത്ത നടപടിയിലേക്കു പോകുന്നില്ലെന്നു വ്യക്തമാക്കിയ കോടതി അഭിഭാഷകന്‍ ഇന്നു ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day