|    Dec 7 Wed, 2016 11:47 pm
FLASH NEWS

ഹനീഫ് മൗലവിയുടെ മോചനം: ഇ ടി മുഹമ്മദ് ബഷീര്‍ ഇടപെട്ടു

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: മൂന്നു മാസമായി മുംബൈ ജയിലില്‍ കഴിയുന്ന ഹനീഫ് മൗലവിയുടെ മോചനത്തിനായി മുസ്‌ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഇടപെട്ടു. ഐഎസില്‍ ചേരുന്നതിന് യുവാക്കള്‍ക്ക് പ്രേരകമായ രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് മുംബൈ പോലിസ് ആവശ്യപ്പെട്ട പ്രകാരം കേരള പോലിസാണ് ഹനീഫിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുംബൈ പോലിസ് ഇദ്ദേഹത്തെ യുഎപിഎ  ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. ഹനീഫിനുവേണ്ടി ജാമ്യഹരജി നല്‍കുന്നതുള്‍പ്പെടെ മോചനത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ അഭിഭാഷകരുമായി കൂടിയാലോചന നടത്തി.നിലവില്‍ കേരള പോലിസോ ദേശീയ അന്വേഷണ ഏജന്‍സിയോ മൗലവിക്കെതിരേ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് പടന്നയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ അശ്ഫാഖിന്റെ പിതാവ് മജീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഗസ്ത് 13ന് മൗലവിയെ പോലിസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ ബിസിനസുകാരനായ മജീദ് അവിടെ പരാതി നല്‍കിയതാണ് മുംബൈ പോലിസ്  അറസ്റ്റ് ചെയ്യാന്‍ കാരണം.ഹനീഫിന്റെ മോചനത്തിനുവേണ്ടി ഇതുവരെ ആരും ഇടപെട്ടിട്ടില്ല. തുച്ഛമായ കൂലിക്ക് ജോലിചെയ്യുന്ന സഹോദരന്മാര്‍ക്ക് സാമ്പത്തികപ്രയാസവും ഭയവും കാരണം ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഹനീഫ് മൗലവി ജോലിചെയ്തിടങ്ങളിലെ ആളുകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കേസില്‍ ഇടപെട്ടതെന്ന്  അദ്ദേഹം തേജസിനോട് പറഞ്ഞു. ഹനീഫ് മൗലവിക്കുവേണ്ടി ഒരു വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും 22ന് ജാമ്യ ഹരജി നല്‍കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കേരളത്തില്‍നിന്ന് കാണാതായ യുവാക്കളെക്കുറിച്ച് ആദ്യം അന്വേഷിച്ച കേരള പോലിസോ പിന്നീട് അന്വേഷണമേറ്റെടുത്ത എന്‍ഐഎയൊ മൗലവിയുടെ പേര് പരാമര്‍ശിക്കുകയോ പ്രതിപ്പട്ടികയില്‍ പെടുത്തുകയോ ചെയ്തിരുന്നില്ല.മൗലവിയുടെ സഹോദരന്‍ ഷാഹുല്‍ഹമീദ് ഇപ്പോള്‍ മുംബൈയിലുണ്ട്. ഹനീഫിനെ ഇന്ന് ജയിലില്‍ സന്ദര്‍ശിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഷാഹുല്‍ഹമീദ്. അതിനിടെ മൗലവിയുടെ അറസ്റ്റിന് കാരണമായ പരാതി നല്‍കിയ മജീദ് താന്‍ ഗുരുതരമായ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും മകന് ക്ലാസെടുത്തിരുന്നതായി മൊഴി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇക്കാര്യം കോടതിയില്‍ പറയാന്‍ ഒരുക്കമാണെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day