|    Dec 11 Sun, 2016 3:52 am

സൗരോര്‍ജ വേലി തകര്‍ന്നു; ആനപേടിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍

Published : 21st November 2016 | Posted By: SMR

കാഞ്ഞങ്ങാട്: വേനല്‍ ആരംഭിച്ചതോടെ ആനപ്പേടിയില്‍ കഴിയുകയാണ് അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍. കേരള-കര്‍ണാടക അതിര്‍തിയിലെ മുണ്ടറോട്ട് റേഞ്ച് ഫോസ്റ്റ് ആന സംരക്ഷണ മേഖലയാണ്. വേനല്‍കാലത്ത് വനത്തിലെ നീരുറവകള്‍ വറ്റുന്നതോടെ വെള്ളം കുടിക്കാന്‍ ആനകള്‍ വനത്തില്‍ നിന്നും പുറത്തിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ ഓടക്കൊല്ലി, വെണ്ണക്കല്ല്, ബളാല്‍ പഞ്ചായത്തിലെ കോടംഞ്ചേരി, ദേലംമ്പാടി പഞ്ചായത്തിലെ പാണ്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് വര്‍ഷങ്ങളായി ആനകള്‍ ഭീതി വിതക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ നൂറ് കണക്കിന് ഏക്കര്‍ കൃഷികളാണ് ആനകള്‍ നശിപ്പിച്ചത്. ആനകള്‍ കൃഷി സ്ഥലത്ത് എത്താതിരിക്കാന്‍ സൗരോര്‍ജ്ജവേലികളും കിടങ്ങുകളും നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവ ഉപയോഗശൂന്യമായി വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപണി നടത്താനോ പുതിയ വേലി സ്ഥാപിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ ഓടക്കൊല്ലി ഭാഗത്ത് കഴിഞ്ഞ വര്‍ഷം വേനല്‍കാലത്ത് 20ലധികം തവണയാണ് ആനകൂട്ടം എത്തി കൃഷി നശിപ്പിച്ചത്. ദേലമ്പാടിയില്‍ ആനശല്യം നിമിത്തം കര്‍ഷകര്‍ കൃഷിയിറക്കാന്‍ മടിക്കുകയാണ്. സന്ധ്യകഴിഞ്ഞാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കാര്യങ്കോട് പുഴയുടെ അതിര്‍തി പാലാവയല്‍ വില്ലേജിലെ ഓടക്കൊല്ലി പ്രദേശമാണ് ആനകളുടെ വിഹാര കേന്ദ്രം. വെള്ളം കുടിക്കാന്‍ പുഴയിലെത്തുന്ന ആനകള്‍ രാത്രികാലങ്ങളില്‍ കൂട്ടമായി കൃഷിയിടത്തില്‍ ഇറങ്ങുന്നത് പതിവാണ്. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സൗരോര്‍ജ്ജവേലി തുരുമ്പെടുത്തു നശിച്ചു. അതുകൊണ്ടുതന്നെ കാട്ടാനകള്‍ കൃഷി സ്ഥലത്തേക്ക് കയറുന്നതും പതിവായിട്ടുണ്ട്. രാത്രികാലങ്ങളില്‍ കര്‍ഷകര്‍ ഉറക്കമൊഴിഞ്ഞിരുന്നു പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചുമാണ് ആനകളെ തുരത്തുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ വന്യ ജീവികള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. കൃഷി നശിച്ച കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി നഷ്ടപരിരഹാരവും നല്‍കിയിട്ടില്ല. കഴിഞ്ഞ ആഴ്ച രണ്ട് തവണയാണ് ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക