|    Oct 28 Fri, 2016 4:13 am
FLASH NEWS

സൗമ്യ വധക്കേസ്: പ്രോസിക്യൂഷനു ഗുരുതര വീഴ്ച പറ്റിയെന്ന് സുപ്രിംകോടതി

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനു ഗുരുതരമായ വീഴ്ചയുണ്ടായെന്നു സുപ്രിംകോടതി. വിചാരണവേളയില്‍ ഹാജരാക്കിയ സാക്ഷിമൊഴികളാണോ അതോ ഡോക്ടറുടെ അഭിപ്രായമാണോ വിശ്വസിക്കേണ്ടതെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. പ്രതി ഗോവിന്ദച്ചാമിക്കെതിരേയുള്ള കൊലപാതക കുറ്റം റദ്ദാക്കിയ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
സൗമ്യ ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടതായി ഒരു മധ്യവയസ്‌കന്‍ പറഞ്ഞുവെന്ന് നാലാം സാക്ഷിയും നാല്‍പതാം സാക്ഷിയും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വധശിക്ഷ ഒഴിവാക്കിയത്. കുറ്റം ചെയ്തതിനു 101 ശതമാനം തെളിവുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ നല്‍കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി.
സൗമ്യയെ തള്ളിയിട്ടത് ഒറ്റക്കൈയനായ ഗോവിന്ദച്ചാമിയാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. സാഹചര്യത്തെളിവുകള്‍ വിശ്വസനീയമല്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ പഠനങ്ങളുമല്ല, സാക്ഷിമൊഴിയാണ് സുപ്രധാന കേസുകളില്‍ പ്രഥമമായി എടുക്കുക. സൗമ്യ ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടതായി അടുത്ത കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ ഉണ്ടായിരുന്ന മധ്യവയസ്‌കന്‍ പറഞ്ഞതായി രണ്ടു സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താനുള്ള ശ്രമം മറ്റുള്ളവര്‍ തടഞ്ഞതായും പ്രോസിക്യൂഷന്‍ സാക്ഷികള്‍ പറയുന്നു. എന്നാല്‍, ഈ മധ്യവയസ്‌കന്‍ ആരെന്നു കണ്ടെത്താനായില്ല. ഇയാള്‍ പ്രതിക്കു വേണ്ടിയാണോ അത്തരത്തില്‍ പറഞ്ഞതെന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടതാണെന്നാണ് മെഡിക്കല്‍ റിപോര്‍ട്ടിലുള്ളതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ ടി എസ് തുളസി വാദിച്ചു. പ്രതി സൗമ്യയെ ആക്രമിച്ചതിനു തെളിവുണ്ട്. പെണ്‍കുട്ടിയുടെ തലയിലേറ്റ ഒന്നാമത്തെ പ്രധാന പരിക്ക് അതു വ്യക്തമാക്കുന്നു. സൗമ്യയുടെ തല ട്രെയിനിന്റെ ചുവരിലും വാതിലിലും വലിച്ചടിച്ചതിലൂടെയാണ് ഈ മുറിവുണ്ടായതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മരണകാരണം തലയിലെ രണ്ടാമത്തെ ഗുരുതര മുറിവാണെന്നും അതിനു കാരണക്കാരന്‍ ഗോവിന്ദച്ചാമിയാണെന്നതിനു തെളിവില്ലെന്നും ജസ്റ്റിസ് യു യു ലളിത് ചൂണ്ടിക്കാട്ടി.
സൗമ്യയെ മാനഭംഗപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുക്കാതിരിക്കാനാവില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. ഈ കുറ്റങ്ങള്‍ക്കു മതിയായ ശിക്ഷ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കിയ കോടതി, മുന്‍ ഉത്തരവ് പുനപ്പരിശോധിക്കുന്നതിനു മതിയായ തെളിവുകള്‍ ഹാജരാക്കാനായിട്ടില്ലെന്നും നിരീക്ഷിച്ചു. വധശിക്ഷ റദ്ദാക്കിയ നടപടി തെറ്റായെങ്കില്‍ അതു തിരുത്താന്‍ മടിയില്ല. എന്നാല്‍, ആവശ്യമായ തെളിവ് എത്തിക്കേണ്ടതു പ്രോസിക്യൂഷന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് പഠിക്കാന്‍ സാവകാശം വേണമെന്ന് കെ ടി എസ് തുളസി അറിയിച്ചു. സൗമ്യയുടെ അമ്മയുടെ  അഭിഭാഷകന്‍ ഹുദൈഫ് അഹ്മദിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. തുടര്‍ന്ന് വാദം തുടരുന്നതിനു കേസ് ഒക്ടോബര്‍ 17ലേക്കു മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day