|    Oct 26 Wed, 2016 7:54 am
FLASH NEWS

സൗമ്യ വധക്കേസ്: പുനപ്പരിശോധനാ ഹരജി തിങ്കളാഴ്ച ഫയല്‍ ചെയ്യും

Published : 17th September 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച പുനപ്പരിശോധനാ ഹരജി നല്‍കിയേക്കും. ഇതിനു മുന്നോടിയായി മുതിര്‍ന്ന അഭിഭാഷകരുമായി തിരക്കിട്ട ചര്‍ച്ചയിലാണ് സര്‍ക്കാര്‍. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ഡല്‍ഹിയിലെത്തിയ നിയമമന്ത്രി എ കെ ബാലന്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാത്രി കേരളഹൗസില്‍ സുപ്രിംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലുമായും കൂടിക്കാഴ്ച നടത്തി.
പുനപ്പരിശോധനാ ഹരജി നല്‍കുന്ന കാര്യത്തില്‍ അഡ്വക്കറ്റ് ജനറലുമായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കേസില്‍ നേരത്തേ ഹാജരായിരുന്ന പ്രോസിക്യൂട്ടര്‍ തോമസ് പി ജോസഫിനെ ഒഴിവാക്കും. സുപ്രിംകോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെത്തന്നെ കേസ് ഏല്‍പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി ബാലനുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ തോമസ് പി ജോസഫിനു വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദുമായി പിണറായി വിജയനും എ കെ ബാലനും ഇതേക്കുറിച്ച് ടെലിഫോണില്‍ സംസാരിച്ചു. സുപ്രിംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലും വേണ്ട രീതിയില്‍ കേസില്‍ ഇടപെട്ടില്ലെന്നും മറ്റു സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നപോലെ കണക്കാക്കിയെന്നും ഇരുവരും കുറ്റപ്പെടുത്തി. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനും അഭിഭാഷകനും വീഴ്ച വരുത്തിയിട്ടില്ലെന്നായിരുന്നു നിയമമന്ത്രിയുടെ മുന്‍നിലപാട്. എന്നാല്‍, ഇതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയായിരുന്നു.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രിംകോടതി ഉത്തരവില്‍ വീഴ്ചയുണ്ടെന്നായിരിക്കും ഹരജിയില്‍ കേരളം പ്രധാനമായും ചൂണ്ടിക്കാട്ടുക. കേസ് പരിഗണിച്ച ജഡ്ജിമാരുടെ ചേംബറിലായിരിക്കും പുനപ്പരിശോധനാ ഹരജി എത്തുക. സ്വാഭാവികമായി ഇത്തരം ഹരജി പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. പുതിയ വസ്തുതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സാധാരണഗതിയില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ. അങ്ങനെ ഹരജി നിലനില്‍ക്കുമെന്നു തീരുമാനമുണ്ടായാല്‍ വാദത്തിനായി പരിഗണിക്കും. ആ സമയം സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകന് തെളിവുകള്‍ ഹാജരാക്കി വാദിക്കാം.
എന്നാല്‍, വിധി പറഞ്ഞ ജഡ്ജിമാരുടെ കൈയില്‍ ലഭിക്കുന്ന പുനപ്പരിശോധനാ ഹരജി സ്വീകരിക്കാന്‍ സാധ്യത കുറവാണെന്നും അങ്ങനെ സംഭവിച്ചാല്‍ അവര്‍ തെറ്റായ വിധിപ്രഖ്യാപനം നടത്തിയതായി ജനങ്ങള്‍ വിലയിരുത്തുമെന്നതിനാല്‍ പരിഗണിക്കാന്‍ തന്നെ സാധ്യത കുറവാണെന്നുമാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day