|    Dec 7 Wed, 2016 7:53 pm
FLASH NEWS

സൗന്ദര്യവല്‍ക്കരണത്തിന് നാറ്റ്പാക് പദ്ധതി

Published : 23rd November 2016 | Posted By: SMR

കണ്ണൂര്‍: തലശ്ശേരി, കണ്ണൂര്‍ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും നഗരസൗന്ദര്യവല്‍ക്കരണത്തിനും പദ്ധതി ആവിഷ്‌കരിക്കാന്‍ നാറ്റ്പാക്(നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍) പഠനം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് തലശ്ശേരിയിലും കണ്ണൂരിലും റോഡ്  ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി നാറ്റ്പാക്ക് പഠനം നടത്തുക. സര്‍വേക്കും പഠനങ്ങള്‍ക്കുമായുള്ള സംഘം അടുത്തയാഴ്ച ജില്ലയിലെത്തും. വിശദമായ പഠനത്തിനു ശേഷമായിരിക്കും പദ്ധതി തയാറാക്കുക. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള കോര്‍പറേഷന്റെ നിര്‍ദേശങ്ങളും സംഘം പരിശോധിക്കും. ഹരിത നഗരമായി കണ്ണൂരിനെ മാറ്റാനാണ് നാറ്റ്പാക് ലക്ഷ്യമിടുന്നത്. നാറ്റ്പാക് പ്രാഥമിക സംഘം കഴിഞ്ഞ ദിവസം മമ്പറം ടൗണില്‍ പരിശോധന നടത്തി. മമ്പറം മുതല്‍ താഴെചൊവ്വ വരെ ശാസ്ത്രീയമായി പരിഷ്‌കരിക്കാനും നാറ്റ്പാക് പദ്ധതി തയാറാക്കും.മേലെചൊവ്വയിലെ ട്രാഫിക് പരിഷ്‌കരണത്തിനും റോഡ് വീതികൂട്ടലിനുമാണ് പ്രഥമ പരിഗണന നല്‍കുക. കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ മേലെചൊവ്വയാണ് ആ ഭാഗത്തേക്കുള്ള പ്രധാന കവലയാവുക. ഇവിടെ പരിസ്ഥിതി സൗഹൃദ വികസനമാണ് നടപ്പാക്കുക. കാല്‍നടയാത്രികര്‍ക്കുള്ള നടപ്പാത, ആധുനിക ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍, റോഡ് മാര്‍ക്കിങ്, ദിശാസൂചികകള്‍ തുടങ്ങി ആധുനിക നഗരത്തോട് കിടപിടിക്കുന്ന നിലയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. പുതിയ കണക്ഷന്‍ റോഡ് നിര്‍മിച്ച് ത്രികോണാകൃതിയില്‍ മേലെചൊവ്വയില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്തും. ട്രാഫിക് സംവിധാനത്തെകുറിച്ചും മറ്റും യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചു പഠനം നടത്തും. നഗര സൗന്ദര്യവല്‍ക്കരണ ഭാഗമായി പോലിസ് മൈതാനം നവീകരിക്കും. പഴയ ബസ് സ്റ്റാന്റ്, കലക്ടറേറ്റ് ജങ്ഷന്‍, കാല്‍ടെക്‌സ്, രാജേന്ദ്ര പാര്‍ക്ക്, എസ്എന്‍ പാര്‍ക്ക്, റെയില്‍വേ സ്റ്റേഷന്‍ റോഡ് തുടങ്ങിയവ സൗന്ദര്യവല്‍ക്കരിക്കും. ബീച്ച് റോഡ് വീതി കൂട്ടി തീരദേശ ഹൈവേയുമായി ബന്ധിപ്പിച്ച് അഴീക്കല്‍ ഹാര്‍ബര്‍ വരെ നീട്ടും. മമ്പറം ടൗണില്‍ വീതികൂട്ടി ട്രാഫിക് ഐലന്‍ഡും നടപ്പാതയും സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day