|    Oct 28 Fri, 2016 5:47 pm
FLASH NEWS

സൗദി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശികള്‍ പുറത്താവും

Published : 30th March 2016 | Posted By: RKN

ജിദ്ദ: സൗദിയിലെ ചില്ലറ വില്‍പന മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നു പ്രഖ്യാപനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബിനാമി (സ്വദേശികളുടെ പേരില്‍ വിദേശികളുടെ ഉടമസ്ഥത) ബിസിനസ് നടക്കുന്നതു ചില്ലറ വില്‍പന മേഖലയിലാണെന്ന് സൗദി വാണിജ്യ- വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ബിനാമി ബിസിനസ് വിരുദ്ധ വകുപ്പ് മേധാവി ഉമര്‍ അല്‍ സുഹൈബാനി പറഞ്ഞു. 50 വര്‍ഷത്തോളമായി സൗദിയില്‍ ബിനാമി ബിസിനസുകളുണ്ട്. നേരത്തെ ഇക്കാര്യം കാര്യമായി ഗൗനിച്ചിരുന്നില്ലെന്നും എന്നാല്‍ സൗദിയുടെ സാമ്പത്തികമേഖലയ്ക്ക് ഇത് കടുത്ത പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നതെന്നും കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ‘ബിനാമി ബിസിനസും പ്രത്യാഘാതങ്ങളും’ സെമിനാറില്‍ സുഹൈബാനി പറഞ്ഞു. നിലവില്‍ രാജ്യത്തുള്ള ഒമ്പതു ലക്ഷത്തിലധികം ചില്ലറ വില്‍പന സ്ഥാപനങ്ങളില്‍ പലതും ബിനാമി ബിസിനസുകളാണ്. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇതു പൂര്‍ണമായി തടയാനാവില്ലെന്നും പൗരന്‍മാരുടെ സഹകരണം കൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വിവിധ മേഖലകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ചെറു കടകള്‍ കൈകാര്യംചെയ്യുന്നത് ബഹുഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭക്ഷ്യവസ്തു വില്‍പന വിഭാഗം സമിതി തലവന്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യാപിച്ചുകിടക്കുന്ന കടകള്‍ അടച്ചുപൂട്ടണമെന്ന ശൂറാകൗണ്‍സില്‍ അംഗത്തിന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗ്രോസറികള്‍ അടച്ചുപൂട്ടുന്നതു വലിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കായിരിക്കും ഗുണംചെയ്യുക. ചെറു കടകളിലേറെയും ബിനാമി ബിസിനസാണു നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുമതിയില്ലാതെ വിദേശികള്‍ വാണിജ്യസംരംഭങ്ങള്‍ ആരംഭിക്കാനോ നിക്ഷേപം നടത്താനോ പാടില്ലെന്ന് സൗദി മന്ത്രിസഭ ഉത്തരവിറക്കിയിരുന്നു. നിക്ഷേപം നടത്തുന്നത് നിക്ഷേപക അതോറിറ്റി വഴിയായിരിക്കണം. ഇതിനു വിരുദ്ധമായി നിക്ഷേപം നടത്തുന്നതും വാണിജ്യ വ്യവസായ സംരംഭങ്ങള്‍ നടത്തുന്നതും ബിനാമി ബിസിനസില്‍ പെടും. ഇവ ശിക്ഷാര്‍ഹവുമാണ്. നിരവധി വണ്ടിച്ചെക്ക് കേസുകളാണ് മന്ത്രാലയത്തിനു ലഭിക്കുന്നത്. ഇതിനു പിന്നില്‍ ബിനാമി ബിസിനസാണ്. ബിനാമി ബിസിനസ് വിരുദ്ധ വകുപ്പ് നടത്തിയ പരിശോധനകളില്‍ ജ്വല്ലറികളില്‍ മാത്രം 74 ബിനാമി ബിസിനസ് കേസുകള്‍ പിടികൂടിയിട്ടുണ്ട്. 2015ല്‍ മാത്രം വിദേശികള്‍ 160 ശതകോടി റിയാലാണ് ബാങ്കുവഴി വിദേശത്തേക്ക് അയച്ചത്. മറ്റു മാര്‍ഗങ്ങള്‍ വഴി ഇതില്‍ കൂടുതലും അയച്ചിരിക്കും. ഇവയിലേറെയും ബിനാമി ബിസിനസ് വഴിയുള്ള പണമാണ്. കിഴക്കന്‍ പ്രവിശ്യയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഒരു വിദേശി ബിനാമി ബിസിനസ് വഴിയുള്ള പണം ഒന്നര ബില്യന്‍ റിയാല്‍ പുറംരാജ്യത്തേക്ക് അയച്ചതായി അദ്ദേഹം ഉദാഹരിച്ചു. ബിനാമി ബിസിനസിനെ കുറിച്ച് വിവരം നല്‍കുന്ന സ്വദേശികള്‍ക്കു കുറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 30 ശതമാനം നല്‍കുമെന്ന് സൗദി ബിനാമി ബിസിനസ് വിരുദ്ധ വകുപ്പ് ഉപമേധാവി ഫഹദ് ബിന്‍ അബ്ദുല്ല അല്‍ സലാമ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day