|    Oct 25 Tue, 2016 10:55 pm
FLASH NEWS

സൗദിയില്‍ സാമ്പത്തികമാന്ദ്യം: ആശങ്കയോടെ പ്രവാസികള്‍

Published : 17th October 2016 | Posted By: SMR

ജിദ്ദ: ആഗോള വിപണിയില്‍ എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത സാമ്പത്തികമാന്ദ്യത്തില്‍ ആശങ്കയോടെ പ്രവാസി സമൂഹം. ശക്തമായ സാമ്പത്തികസുസ്ഥിരതയുണ്ടായിരുന്ന രാജ്യങ്ങളെവരെ മാന്ദ്യം പിടിപെട്ടു തുടങ്ങിയെന്ന റിപോര്‍ട്ടുകളാണു വന്നുകൊണ്ടിരിക്കുന്നത്. സൗദിയില്‍ സര്‍ക്കാര്‍ തലങ്ങളില്‍ കടുത്ത സാമ്പത്തികക്രമീകരണമാണ് ഈയിടെ വരുത്തിയത്. കഴിഞ്ഞമാസം മന്ത്രിമാരുടെയും ശൂറ കൗണ്‍സില്‍ അംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
കൂടാതെ മന്ത്രാലയങ്ങളില്‍ വിദേശികളെ നിയമിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍ ഇതു താല്‍ക്കാലികംമാത്രമാണെന്നും സാമ്പത്തികനില ശക്തിപ്പെടുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എണ്ണവിലയില്‍ അല്‍പം മാറ്റംവന്നത് പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. ചില കമ്പനികള്‍ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി വിദേശ തൊഴിലാളികളെ ഒഴിവാക്കുകയാണ്. ചിലര്‍ക്കു നീണ്ട അവധിനല്‍കിയിരിക്കുന്നു. സാമ്പത്തികമാന്ദ്യം ചെറുകിട മേഖലയെയും ബാധിച്ചിട്ടുണ്ടെന്ന് ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കമ്പനികളിലെ സെയില്‍സ്മാന്‍മാര്‍ക്ക് കമ്മീഷന്‍ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇത് കമ്മീഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവരെ ബാധിക്കുന്നുണ്ട്. മലയാളികളുള്‍പ്പെടെ നിരവധി പേരാണ് ചെറുകിട മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
റെന്റ് എ കാര്‍ മേഖലയില്‍ ഇതിനകംതന്നെ 50 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങള്‍ കൂടെയുള്ള വിദേശികള്‍ പലരും അവരെ നീണ്ട അവധിക്ക് നാട്ടിലേക്ക് അയക്കുകയാണ്. അങ്ങാടികളിലെ തിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാം.
എന്നാല്‍ സൗദിയിലെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്ന് തൊഴില്‍മന്ത്രി ഡോ. മുഫ്‌രിജ് അല്‍ ഹഖ്ബാനി വ്യക്തമാക്കി. കിങ് ഖാലിദ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനുകളും സുസ്ഥിര വികസനത്തില്‍ സ്വകാര്യമേഖലയ്ക്കുള്ള പങ്കാളിത്തവും: വിഷന്‍-2030 പദ്ധതിയുടെ കാഴ്ചപ്പാട്’ എന്ന സെമിനാറില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സാമ്പത്തികമാന്ദ്യം മൂലം ഒരു കമ്പനിയും പ്രതിസന്ധി നേരിടുന്നില്ല. സൗദി ഓജര്‍ കമ്പനി മാത്രമാണു ചില പ്രശ്‌നങ്ങള്‍ നേരിട്ടത്. ഇതിനു പരിഹാരംകാണുന്നതിന് ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കമ്പനി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ഇതിനകം പരിഹാരം കണ്ടിട്ടുണ്ട്. എന്നാല്‍ മാന്ദ്യം സ്വകാര്യ കമ്പനികളില്‍ ലഭ്യമാവുന്ന തൊഴിലവസരങ്ങളില്‍ കുറവുണ്ടാക്കുമെന്നു മന്ത്രി സമ്മതിച്ചു. അതേയവസരം, സ്വകാര്യ മേഖലയുടെ ശക്തമായ പങ്കാളിത്തത്തോടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പദ്ധതിക്കും തന്ത്രങ്ങള്‍ക്കും മന്ത്രാലയം രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day