|    Dec 9 Fri, 2016 5:26 am
FLASH NEWS

സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം വ്യാപകമാക്കുന്നു

Published : 31st October 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം സംസ്ഥാന വ്യാപകമാക്കാനൊരുങ്ങി സര്‍ക്കാര്‍. കുട്ടികളുടെ പഠനവൈകല്യം, മാനസികരോഗം എന്നിവ കണ്ടുപിടിക്കുന്നതിനാണ് ഈ പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കിയിട്ടുള്ളത്. ഇതോടൊപ്പം, മാനസികവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം വിപുലീകരിക്കാനുള്ള നടപടികള്‍ കാര്യക്ഷമമാക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. മാനസികാരോഗ്യകേന്ദ്രങ്ങളിലുള്ള ഇതരസംസ്ഥാന മനോരോഗികളെ അവരുടെ സംസ്ഥാനത്തുതന്നെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം ജില്ലാ/ജനറല്‍ ആശുപത്രികളിലെ മാനസികാരോഗ്യ വിഭാഗങ്ങളിലെ സൗകര്യം മെച്ചപ്പെടുത്തുന്നതും മനോരോഗചികില്‍സകരുടെ ലഭ്യതയ്ക്ക് എല്ലാ താലൂക്കാശുപത്രികളിലും മാനസികരോഗ ചികില്‍സാസൗകര്യം ലഭ്യമാക്കുന്നതും പരിഗണനയിലാണ്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നിലവില്‍ സമഗ്ര മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി (ഡിഎംഎച്ച്പി), സാമൂഹിക മാനസികാരോഗ്യകേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ സൈക്യാട്രി യൂനിറ്റുകള്‍ തുടങ്ങിയ പദ്ധതികളാണ് ആരോഗ്യ-സാമൂഹിക നീതി വകുപ്പുകള്‍ നടപ്പാക്കിവരുന്നത്. സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും പകല്‍സമയ പരിചരണത്തിനായി പകല്‍വീടുകളും അനുവദിച്ചിട്ടുണ്ട്.  എല്ലാ ജില്ലകളിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിചരണത്തിനായി സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഷോര്‍ണൂര്‍ ആസ്ഥാനമായി ഐക്കോണ്‍സ് എന്ന സ്ഥാപനവും തിരുവനന്തപുരം പാങ്ങപ്പാറയില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനവും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍, ഇവയുടെ എല്ലാം പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day