|    Oct 26 Wed, 2016 3:05 pm

സ്വാശ്രയം: എംഎല്‍എമാരുടെ നിരാഹാരം നാലാം ദിനത്തിലേക്ക്

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധനയ്‌ക്കെതിരേ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവരുന്ന നിരാഹാരസമരം നാലാംദിവസത്തിലേക്ക് കടന്നു. നിയമസഭ നിരന്തരം സ്തംഭിപ്പിച്ച് പ്രതിപക്ഷം സമരം കടുപ്പിച്ചിട്ടും യാതൊരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതു ശ്രദ്ധേയമാണ്.
സമരം അനാവശ്യമാണെന്നും അതു തീര്‍ക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സമരം അവസാനിപ്പിക്കാനുള്ള യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നു മാത്രമല്ല, പരിയാരത്തു പോലും ഫീസ് കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നും നാളെയും സഭയ്ക്ക് അവധിയാണെങ്കിലും തിങ്കളാഴ്ചവരെ സമരം തുടരും. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകൂടി പരിഗണിച്ച് പാര്‍ട്ടി-മുന്നണി യോഗം തിങ്കളാഴ്ച ഭാവി പരിപാടികള്‍ തീരുമാനിക്കും. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ അണിനിരത്തി നിയമസഭയ്ക്ക് മുമ്പില്‍ സമരം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
നിരാഹാരസമരം തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യനില മോശമായാല്‍ അംഗങ്ങളെ അറസ്റ്റ്‌ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനും നീക്കമുണ്ട്.
അതിനിടെ, നിരാഹാരസമരം അനുഷ്ഠിക്കുന്ന എംഎല്‍എമാരെ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചതു സര്‍ക്കാരിനു കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രിയടക്കം ഭരണപക്ഷത്തെ അംഗങ്ങളാരുംതന്നെ തിരിഞ്ഞുനോക്കാതിരിക്കുമ്പോഴായിരുന്നു വിഎസിന്റെ സന്ദര്‍ശനം. കോണ്‍ഗ്രസ് അംഗങ്ങളായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുന്നത്. രണ്ടുദിവസമായി സമരക്കാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് സത്യഗ്രഹം നടത്തിവന്ന മുസ്‌ലിംലീഗ് അംഗങ്ങളായ എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി എന്നിവര്‍ക്കു പകരം എന്‍ എ നെല്ലിക്കുന്ന്, ആബിദ് ഹുസയ്ന്‍ എന്നിവര്‍ ഇനി സത്യഗ്രഹം നടത്തും.
സ്പീക്കറും പ്രതിപക്ഷനേതാവും ഉമ്മന്‍ചാണ്ടിയും സമരക്കാരെ കണ്ടതിനുശേഷമാണ് സഭയിലേക്കു കയറിയത്. സമരം അവസാനിപ്പിക്കുന്നതിനു വ്യാഴാഴ്ച സ്പീക്കര്‍ വിളച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കാത്തതും വിമര്‍ശനവിധേയമായി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഹൈബിയുടെ ഭാര്യ അന്നയുംമകള്‍ ക്ലാരയും അനൂപ് ജേക്കബിന്റെ കുടുംബവും വേദിയിലെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day