|    Dec 9 Fri, 2016 11:15 am

സ്വര്‍ണത്തിനും നിയന്ത്രണം; വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ വരെ സൂക്ഷിക്കാം

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യക്തികള്‍ക്കു കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം നിലവില്‍വരുന്നതോടെ, വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം (62.5 പവന്‍) സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാം (31.25 പവന്‍) സ്വര്‍ണവും മാത്രമേ സൂക്ഷിക്കാനാവൂ. പുരുഷന്‍മാര്‍ക്ക് സൂക്ഷിക്കാവുന്ന പരമാവധി സ്വര്‍ണം 100 ഗ്രാം (12.5 പവന്‍) ആക്കി നിജപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പരമ്പരാഗതമായി ലഭിച്ച സ്വര്‍ണത്തിനും നിയമാനുസൃതമായി വാങ്ങിയ സ്വര്‍ണത്തിനും സമ്പാദ്യം കൊണ്ടു വാങ്ങിയ സ്വര്‍ണത്തിനും ഈ നിയന്ത്രണം ബാധകമാവില്ല. അല്ലാതെ വാങ്ങി കൈവശം സൂക്ഷിച്ച സ്വര്‍ണത്തിന് ആദായനികുതി അടയ്‌ക്കേണ്ടിവരും.
നോട്ട് നിരോധനത്തോടെ കള്ളപ്പണം സ്വര്‍ണമാക്കി മാറ്റി സൂക്ഷിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണു കേന്ദ്രത്തിന്റെ നീക്കമെന്നാണു സൂചന. ഇന്നലെയാണു കേന്ദ്ര ധനകാര്യമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍, ഈ പരിധി ഇപ്പോള്‍ നിശ്ചയിച്ചതല്ലെന്നാണു രേഖകള്‍ വ്യക്തമാക്കുന്നത്. 1994 മെയ് 14ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിശ്ചയിച്ച പരിധിയാണിത്. പുതിയ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണു കേന്ദ്രം വ്യക്തമാക്കുന്നത്.
ആദായനികുതി ഭേദഗതി ബില്ലില്‍ ആഭരണങ്ങള്‍ക്കു പുതിയതായി നികുതി ചുമത്തിക്കൊണ്ടുള്ള ഒരു നിര്‍ദേശവുമില്ലെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 1961ലെ ആദായനികുതി നിയമത്തിലെ 115 വകുപ്പ് അനുസരിച്ച് വെളിപ്പെടുത്താത്ത വസ്തുവകകള്‍ക്കു ചുമത്തുന്ന 30 ശതമാനം നികുതി 60 ശതമാനമായി ഉയര്‍ത്തുകയും കൂടാതെ 25 ശതമാനം അധികനികുതി ഏര്‍പ്പെടുത്തുകയുമാണു ചെയ്തിരിക്കുന്നത്.
വെളിപ്പെടുത്താനോ വിശദീകരിക്കാനോ സാധിക്കാത്ത പണത്തിനും സ്വത്തിനും ആസ്തികള്‍ക്കും ഇവ ബാധകമാവും. ഈ സമ്പാദ്യം ആദായമായി കണക്കാക്കുന്നത് സംബന്ധിച്ച വകുപ്പുകളായ 69, 69എ, 69 ബി എന്നിവ 1960കള്‍ മുതല്‍ നിയമത്തിന്റെ ഭാഗമാണ്. ഈ വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ ബില്ലില്‍ ഉദ്ദേശ്യമില്ല.
ചില നികുതിവെട്ടിപ്പുകാര്‍ തങ്ങളുടെ വെളിപ്പെടുത്താത്ത വരുമാനം ബിസിനസില്‍ നിന്നോ മറ്റ് സ്രോതസ്സുകളില്‍ നിന്നോ ഉള്ള വരുമാനമായി ആദായനികുതി റിട്ടേണുകളില്‍ ഉള്‍പ്പെടുത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 115 വകുപ്പ് പ്രകാരമുള്ള നികുതി നിരക്ക് ഉയര്‍ത്തുന്നത്. വെളിപ്പെടുത്താത്ത പണമോ സമ്പാദ്യമോ റെയ്ഡില്‍ കണ്ടെടുക്കുന്ന വേളയിലാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്.
കൃഷിയുള്‍പ്പെടെയുള്ള ആദായനികുതി ഒഴിവാക്കപ്പെട്ട വരുമാനത്തില്‍ നിന്നോ, ന്യായമായ കുടുംബ സമ്പാദ്യത്തില്‍ നിന്നോ വാങ്ങിയ സ്വര്‍ണത്തിന് നികുതി ചുമത്താന്‍ ഭേദഗതിചെയ്ത നിയമത്തില്‍ വകുപ്പൊന്നുമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day