|    Oct 25 Tue, 2016 10:28 am
FLASH NEWS

സ്മാര്‍ട്ട് സിറ്റി പദവി: പ്രതീക്ഷയേറുന്നു

Published : 8th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നഗരത്തിന്റെ വളര്‍ച്ചയ്ക്ക് നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പ്രതീക്ഷയേറുന്നു. തലസ്ഥാന നഗരത്തിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്ന ജയ്പൂര്‍ ചോക്കിദാനി മാതൃക മുതല്‍ നഗരത്തിന്റെ ചലനങ്ങള്‍ പോലും ഐടി രീതിയിലേക്ക് പരിഷ്‌കരിക്കും വിധമുള്ള നിര്‍ദേശങ്ങളാണ് വിവിധ വകുപ്പുകളുടെ അഭിപ്രായ രൂപീകരണത്തിനായി നഗരസഭ നടത്തിയ യോഗത്തില്‍ ചര്‍ച്ചയായത്. സ്മാര്‍ട്ട്‌സിറ്റി പരിഗണന ലഭിക്കാന്‍ മറ്റു നഗരങ്ങളേക്കാള്‍ നിരവധി അനുകൂല സാഹചര്യങ്ങള്‍ തിരുവനന്തപുരത്തിനുണ്ടെന്ന് മേയര്‍ വികെ പ്രശാന്ത് അഭിപ്രായപ്പെട്ടു. തലസ്ഥാനത്തെ നിരവധി മികച്ച പ്രദേശങ്ങളും പദ്ധതികളും രാകിമിനുക്കിയെടുത്താല്‍ നമ്മളെ തോല്‍പ്പിക്കാന്‍ രാജ്യത്തെ മറ്റ് നഗരങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. പല കേന്ദ്രപദ്ധതികളും നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രായോഗിക നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനുമാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ തേടിയത്. നഗരത്തിന്റെ അനുകൂലഘടകങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുപോലെ ദൗര്‍ബല്യങ്ങള്‍ മറികടക്കാനും നിര്‍ദേശങ്ങളുയരണം. നിലവില്‍ വാര്‍ഡ്‌യോഗങ്ങളിലൂടെയും, മറ്റു മാര്‍ഗങ്ങളിലൂടെയും അനേകം ക്രിയാത്മക നിര്‍ദേശങ്ങളാണ് ലഭിക്കുന്നത്. വിദേശത്തുനിന്നുപോലും ചാല പോലുള്ള പൈതൃക മേഖലകളുടെ നവീകരണത്തിനും പുനര്‍നിര്‍മാണത്തിനും നിര്‍ദേശങ്ങള്‍ ലഭിച്ചത് ഉദാഹരണമാണെന്നു മേയര്‍ കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ വിശദീകരിച്ചുള്ള പ്രസന്റേഷന്‍ മേയര്‍ അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണം തന്നെയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. പച്ചക്കറി കൃഷിയുമായി ലിങ്ക് ചെയ്ത് മാലിന്യ സംസ്‌കരണം നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു. നഗരം ഗ്രീന്‍ ടെക്‌നോളജിയിലേക്ക് മാറ്റണം, പുതിയ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ പച്ചക്കറികൃഷി നിര്‍ബന്ധമാക്കണമെന്നും അഭിപ്രായമുയര്‍ന്നു. മുട്ടത്തറ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കൂടുതല്‍ പരിഷ്‌കരിക്കണം. പാരമ്പര്യ കലാകാരന്‍മാരെ സംരക്ഷിക്കാനും ടൂറിസം മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചും ജയ്പൂര്‍ ചോക്കിദാനി മാതൃകയിലുള്ള സെന്റര്‍ വേണം. പത്ത് കുന്നുകളുടെ തലസ്ഥാനമായ തിരുവനന്തപുരത്തെ കുന്നുകള്‍ യോജിപ്പിച്ച് വാക്ക് വേ നിര്‍മിക്കണമെന്നായിരുന്നു ഹോമിയോപ്പതി വകുപ്പിന്റെ നിര്‍ദേശം. ഇത് നിലവിലുളള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഐടി രീതിയിലൂടെ ലഭ്യമാക്കാന്‍ ഒരു ഏകജാലക സംവിധാനം ഉറപ്പാക്കണമെന്നതായിരുന്നു സി-ഡിറ്റിന്റെ നിര്‍ദേശം. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി സംബന്ധിച്ച് തങ്ങളുടെ നിര്‍ദേശങ്ങള്‍ വിശദീകരിച്ചു. മാലിന്യസംസ്‌കരണം, പൈതൃകസംരക്ഷണം, പൊതുഗതാഗതം, ആരോഗ്യസേവനങ്ങള്‍, മറ്റ് പൊതുജനസേവനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച  നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. പ്രപ്പോസലുകള്‍ പരിഗണിക്കാനായി 13 അംഗ വിദഗ്ധ സമിതിയെ നേരത്തെ കോര്‍പറേഷന്‍ നിശ്ചയിച്ചിരുന്നു. കൂടാതെ, 100 വാര്‍ഡുകളിലും വാര്‍ഡ്‌സഭകള്‍ ചേര്‍ന്ന് ജനകീയ നിര്‍ദേശങ്ങളും സമാഹരിച്ചുവരികയാണ്. പ്രപ്പോസലുകള്‍ പദ്ധതിരൂപത്തില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കേന്ദ്രം നല്‍കിയ പട്ടികയില്‍ നിന്ന് ഒരു കണ്‍സള്‍ട്ടന്‍സിയെ ഈ മാസം 15ന് തീരുമാനിക്കും. രാജ്യത്തെ സ്മാര്‍ട്ട്‌സിറ്റികളെ തിരഞ്ഞെടുക്കുന്നതിന്റെ രണ്ടാംഘട്ടത്തി ല്‍ 68 നഗരങ്ങളുടെ മല്‍സരത്തിലാണ് തിരുവനന്തപുരം ഇപ്പോഴുള്ളത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 500 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കും. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും ചേര്‍ന്ന് 500 കോടി രൂപ കണ്ടെത്തണം. ഇത്തരത്തില്‍ ആകെ 1000 കോടി രൂപയുടെ വികസനം നഗരത്തില്‍ നടപ്പാക്കാനാകും. ഡിസംബര്‍ അഞ്ചിന് പ്രപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണം.  യോഗത്തില്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ്എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സതീഷ്‌കുമാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day