|    Dec 3 Sat, 2016 9:08 pm
FLASH NEWS

സ്ഥലം ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചു; ഹൈടെക് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണം പുനരാരംഭിക്കുന്നു

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്നു നിലച്ചിരുന്ന ശ്രീകാര്യം ഹൈടെക് മിനി സിവില്‍ സ്റ്റേഷന്‍ പദ്ധതിക്കു പുതുജീവന്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്നു സ്ഥലം ലഭിച്ചതോടെയാണ് വഴിമുട്ടി നിന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നത്. പുതുതായി കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതിനു നടപടി ആരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞദിവസം മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ശ്രീകാര്യം-ചെമ്പഴന്തി ഭാഗത്തെ 52 സെന്റ് സ്ഥലത്താണ് സിവില്‍സ്റ്റേഷന്‍ വരുന്നത്. സ്വകാര്യവസ്തുവും പുറമ്പോക്കും ഉള്‍പ്പെട്ടതാണു ഭൂമി. സ്വകാര്യഭൂമി വിലകൊടുത്തു വാങ്ങാനാണു ധാരണ. പോലിസ് സ്റ്റേഷനടക്കം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണു പദ്ധതി ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്കു മുമ്പു 10 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമല്ലാതെ നടപടി മുടങ്ങിക്കിടക്കുകയായിരുന്നു. ആറുനില കെട്ടിടമാണു മിനി സിവില്‍ സ്റ്റേഷനായി ഒരുക്കുന്നത്. നഗരസഭയുടെ സോണല്‍ ഓഫിസ്, കെഎസ്ഇബി ഓഫിസ്, കൃഷി ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങി ശ്രീകാര്യം മേഖലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ ഒരു കുടക്കീഴിലാവും. സിവില്‍ സ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്തു പോലിസ് സ്റ്റേഷനും പണിയും. നിലവില്‍ ശ്രീകാര്യത്തെ ഭൂരിഭാഗം സര്‍ക്കാര്‍ സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 50 വര്‍ഷത്തെ വികസനം ലക്ഷ്യമിട്ടാണു സിവില്‍സ്റ്റേഷന്‍ നിര്‍മിക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അത്യാധുനിക രീതിയില്‍ മികച്ച സേവനങ്ങളാണു ഹൈടെക് സിവില്‍സ്റ്റേഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം കൂടുതല്‍ സ്ഥലം കൂടി കണ്ടെത്തി വ്യാപാരികളെ പുനരധിവസിപ്പിക്കാനും വ്യാപാരസമുച്ചയം നിര്‍മിക്കാനും പദ്ധതിയുണ്ട്. സ്ഥലത്തെ ഒരാളെയും ഒഴിപ്പിക്കാതെയാവും പദ്ധതി നടത്തിപ്പെന്നു മന്ത്രി പറഞ്ഞു. ലൈറ്റ് മെട്രോയുടെ ഭാഗമായി വരുന്ന ഫ്‌ളൈഓവര്‍ യാഥാര്‍ഥ്യമാവുന്ന മുറയ്ക്കു വ്യാപാരസമുച്ചയം കൊണ്ടുവരാനാണു ന്യൂക്കം. ഫ്‌ളൈഓവറും വ്യാപാരസമുച്ചയവും വരുന്നതോടെ ഗതാഗതക്കുരുക്കിന് ഏറക്കുറെ പരിഹാരമായേക്കും. തലസ്ഥാനത്തു കടകംപള്ളിയിലും ശ്രീകാര്യത്തുമാണു മിനി സിവില്‍സ്റ്റേഷന്‍ നടപ്പാക്കുന്നത്. കടകംപള്ളിയില്‍ സ്ഥലം ലഭ്യമായിരുന്നതിനാല്‍ നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായി. ഇതിന്റെ ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപോര്‍ട്ടും സമര്‍പ്പിച്ചു കഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day