|    Oct 23 Sun, 2016 11:28 pm
FLASH NEWS

സ്ത്രീകള്‍ക്ക് മാത്രമൊരു ലോകമൊരുക്കി ജന്‍ഡര്‍ പാര്‍ക്ക്

Published : 29th February 2016 | Posted By: SMR

കോഴിക്കോട്: സാമൂഹിക നീതി വകുപ്പിനു കീഴില്‍ വെള്ളിമാടുകുന്ന് നിര്‍മിച്ച ഏഷ്യയിലെ ആദ്യ ജെന്‍ഡര്‍പാര്‍ക്ക് സ്ത്രീകള്‍ക്കായി മാത്രമൊരുലോകമാണ് വിഭാവനം ചെയ്യുന്നത്. വനിതകള്‍ക്ക് പഠിക്കാനായി സര്‍വകലാശാല, സാംസ്‌കാരിക സമുച്ചയം, താമസിക്കാനും വിശ്രമിക്കാനും അത്യാധുനിക സൗകര്യങ്ങളോടെ ഗസ്റ്റ് ഹൗസ്, വായനയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വിപുലമായ ലൈബ്രറി, കുടുംബശ്രീ, വനിതാകമ്മിഷന്‍, വനിതാവികസന കോര്‍പറേഷന്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഓഫിസുകള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ആണ്.
ഗാന്ധി സ്മാരക മ്യൂസിയം ,ഏഷ്യന്‍ ജെന്‍ഡര്‍ റിസര്‍ച്ച് സെന്റര്‍ എന്നിങ്ങനെയുള്ള മികച്ച സൗകര്യങ്ങളോട് കൂടിയാണ് അഞ്ചര ഏക്കര്‍ സ്ഥലത്ത് ജെന്‍ഡര്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്കുള്ള യാത്രകളില്‍ ഗാന്ധിജി പല തവണ താമസിച്ച വീട് പിന്നീട് പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ഏറ്റെടുത്ത് ഇപ്പോള്‍ ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതിയില്‍പ്പെടുത്തിയാണ് മ്യൂസിയമാക്കിയത്. ഇതിനു പിറകിലായി സൗത്ത് ഏഷ്യന്‍ ജെന്‍ഡര്‍ റിസര്‍ച്ച് സെന്ററിന്റെ പണിയും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നാല് സ്മാര്‍ട്ട് ക്ലാസ് മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഗവേഷണം നടത്താനുള്ള മറ്റൊരു കെട്ടിടവും സൗത്ത് ഏഷ്യന്‍ ജെന്‍ഡര്‍ റിസര്‍ച്ച് സെന്ററിനോട് ചേര്‍ന്നു നിര്‍മിച്ചിട്ടുണ്ട്. 100 വര്‍ഷം പഴക്കമുള്ള ഇരുനില വീട് അറ്റകുറ്റപണികള്‍ നടത്തിയാണ് മ്യൂസിയവും ഹാളുമായി നവീകരിച്ചത്. ആദ്യഘട്ടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം കണ്‍വന്‍ഷന്‍ സെന്ററിനു സമീപത്തുതന്നെ ആംഫി തിയ്യറ്റും നിര്‍മിക്കും. ലോകത്തിന്റെ ഏതുകോണില്‍ നിന്നുവരുന്നവര്‍ക്കും ഇവിടെ തങ്ങളുടെ കലയും സാഹിത്യവും പ്രദര്‍ശിപ്പിക്കാനുള്ള ഇടമായി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 500 പേര്‍ക്ക് ഒരേ സമയം ഇരിക്കാനുള്ള കണ്‍വന്‍ഷന്‍ സെന്ററാണ് പാര്‍ക്കിനോടനുബന്ധിച്ച് ഒരുങ്ങുന്നത്. താഴെ നിലയില്‍ നാല് ചെറിയ ഹാളും മുകളില്‍ അന്താരാഷ്ട്ര നിലവാരമുള്ള തിയ്യറ്റര്‍ സൗകര്യവുമുണ്ടാവും.
അക്കാദമികവും വ്യക്തിപരവുമായ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക വഴി സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരവും മെച്ചപ്പെട്ട സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ജെന്‍ഡര്‍ പാര്‍ക്കിന്റെ ലക്ഷ്യം. അഞ്ച് വര്‍ഷത്തിന്റെ കാത്തിരിപ്പിനുശേഷമാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ജെന്‍ഡര്‍പാര്‍ക്കിന്റെ ആദ്യ ഘട്ടപണി തുടങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തി നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day