|    Dec 3 Sat, 2016 10:04 am
FLASH NEWS
Home   >  Sports  >  Others  >  

സൂപ്പര്‍ സിന്ധു: ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്; താരത്തിന്റെ കന്നി സൂപ്പര്‍ സീരീസ് നേട്ടമാണിത്

Published : 21st November 2016 | Posted By: SMR

ഫസൗ (ചൈന): റിയോ ഒളിംപിക്‌സില്‍ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി വി സിന്ധുവിന്റെ കരിയറിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ചാംപ്യന്‍ഷിപ്പില്‍ സിന്ധു ഇന്നലെ കിരീടമണിഞ്ഞു. താരത്തിന്റെ കന്നി സൂപ്പര്‍ സീരീസ് കിരീടനേട്ടം കൂടിയാണിത്. ഒളിംപിക്‌സില്‍ രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ച ശേഷം സിന്ധു ആദ്യമായി മല്‍സരിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.
ഇന്നലെ നടന്ന ആവേശകരമായ ഫൈനലില്‍ ആതിഥേയതാരം കൂടിയായ സുന്‍ യുവിനെ കീഴടക്കിയാണ് ഏഴു ലക്ഷം ഡോളര്‍ പ്രതിഫലത്തുകയുള്ള ടൂര്‍ണമെന്റില്‍ സിന്ധു വെന്നിക്കൊടി പാറിച്ചത്.സ്‌കോര്‍: 21-11, 17-21, 21-11. മല്‍സരം ഒരു മണിക്കൂറും ഒമ്പതു മിനിറ്റും നീണ്ടുനിന്നു.
ഫൈനലില്‍ റാക്കറ്റേന്തുമ്പോള്‍ ലോക റാങ്കിങില്‍ 11ാമതുള്ള സിന്ധുവിന് അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. നേരത്തേ അഞ്ചു തവണ സുനുമായി ഏറ്റുമുട്ടിയപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമേ ഇന്ത്യന്‍ താരത്തിനു ജയിക്കാനായിരുന്നുള്ളൂ. മൂന്നെണ്ണത്തില്‍ സുനിനായിരുന്നു വിജയം.
പക്ഷെ, കണക്കുകളൊന്നും താന്‍ കാര്യമായെടുക്കുന്നില്ലെന്ന് മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെ സിന്ധു തെളിയിച്ചു. ആക്രമിച്ചു കോര്‍ട്ടില്‍ പറന്നുകളിച്ച സിന്ധുവിനു മുന്നില്‍ എതിരാളി പലപ്പോഴും പകച്ചുനിന്നു. തുടക്കത്തില്‍ തന്നെ 11-5ന്റെ ലീഡുമായി കുതിച്ച ഇന്ത്യന്‍ താരം ആദ്യ ഗെയിമില്‍ മേല്‍ക്കൈ നേടി. ക്രോസ് കോര്‍ട്ട് റിട്ടേണില്‍ നിന്നാണ് സിന്ധുവിന് ഏറ്റവുമധികം പോയിന്റ് (12) ലഭിച്ചത്. ചില ഫോര്‍ഹാന്റ്, ബാക്ക്ഹാന്റ് സ്മാഷുകളില്‍ ഇന്ത്യന്‍ താരത്തിന് പിഴച്ചപ്പോള്‍ സുന്‍ മൂന്നു പോയിന്റ് കൈക്കലാക്കി. എന്നാല്‍ 10 പോയിന്റിന്റെ മികച്ച ലീഡുമായി സിന്ധു ആദ്യ ഗെയിം കരസ്ഥമാക്കി. തന്റെ റിട്ടേണ്‍ എതിരാളിയുടെ മുഖത്തേക്കടിച്ചാണ് സിന്ധു ഒന്നാം ഗെയിം നേടിയത്.
രണ്ടാം ഗെയിമിലും സിന്ധു മികവ് ആവര്‍ത്തിച്ചു. 6-3ന്റെ നേരിയ ലീഡ് നിലനിര്‍ത്തി മുന്നേറിയ സിന്ധു സ്‌കോര്‍ 11-7ഉം 14-10ഉം ആക്കി ഉയര്‍ത്തി. പക്ഷെ പിന്നീട് അവിസ്മരണീയ തിരിച്ചുവരവ് നടത്തിയ സുന്‍ സ്‌കോര്‍ 14-14 ആക്കി.
മൂര്‍ച്ചയേറിയ ഒരു സ്മാഷിനൊടുവില്‍ തകര്‍പ്പന്‍ ബാക്ഹാന്റ് റിട്ടേണ്‍ നടത്തിയ താരം 18-16ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് ഈ ലീഡ് നിലനിര്‍ത്തിയ ചൈനീസ് താരം 19-16ന് മുന്നിലെത്തി. വീഡിയോ റഫറിലൂടെയാണ് സുനിന് ഈ പോയിന്റ് ലഭിച്ചത്. സ്‌കോര്‍ 20-16 ല്‍ നില്‍ക്കെ സുനിന്റെ സ്മാഷ് നെറ്റ്‌സില്‍ തട്ടി വീണു. എന്നാല്‍ സിന്ധുവിന്റെ വേഗം കുറഞ്ഞ റിട്ടേണ്‍ നെറ്റ്‌സില്‍ തട്ടിത്തെറിച്ചതോടെ ചൈനീസ് താരം ഗെയിം പിടിച്ചെടുത്ത് സ്‌കോര്‍ 1-1ന് ഒപ്പമെത്തി.
നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെ യും ഗെയിം തീപാറി. 6-6ന് ഒപ്പത്തിനൊപ്പം മുന്നേറിയ ശേഷം സിന്ധു ചില കരുത്തുറ്റ റിട്ടേണുകളിലൂടെ 10-6 ന്റെ ലീഡ് കൈക്കലാക്കി. സുന്‍ ചില പിഴവുകള്‍ കൂടി വരുത്തിയതോടെ സിന്ധു ലീഡ് 10-8 ആക്കി ഉയര്‍ത്തി. 11-8ന്റെ ലീഡുമായാണ് സിന്ധു ഇടവേളയ്ക്കു പിരിഞ്ഞത്. തുടര്‍ന്നും ലീഡ് നിലനിര്‍ത്തി കുതിച്ച സിന്ധു എതിരാളിക്ക് തിരിച്ചുവരാനുള്ള പഴുതുകളൊന്നും അനുവദിച്ചില്ല. 19-11ന്റെ മികച്ച ലീഡ് നേടിയതോടെ ഇന്ത്യന്‍ താരം വിജയമുറപ്പാക്കി.
സിന്ധുവിന്റെ രണ്ടാമത് സൂപ്പര്‍ സീരീസ് ഫൈനല്‍ കൂടിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം നടന്ന ഡെന്‍മാര്‍ക്ക് ഓപണ്‍ ഫൈനലില്‍ മുന്‍ ഒളിംപിക് ചാംപ്യനായ ചൈനയുടെ ലി സുറ്യുയിക്കു മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. 2014ല്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സെയ്‌ന നെഹ്‌വാള്‍ ചൈന ഓപണില്‍ ജേതാവായിരുന്നു. കഴിഞ്ഞ തവണ ഇവിടെ റണ്ണറപ്പാവാനും താരത്തിനു സാധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day