|    Dec 5 Mon, 2016 3:54 pm
FLASH NEWS

സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിട്ട് മോട്ടോര്‍ വാഹന വകുപ്പ്

Published : 1st December 2016 | Posted By: SMR

കക്കനാട്: സൂപ്പര്‍ ബൈക്കുകള്‍ക്ക് കൂച്ചുവിലങ്ങ്. മോട്ടോര്‍ വാഹന വകുപ്പും വാഹന ഏജന്‍സികളും ഒന്നിച്ച് രംഗത്തുവരും. യുവാക്കളില്‍ ഹരമായി മാറിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നിര്‍ദേശപ്രകാരം വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. അശ്രദ്ധമായി ബൈക്ക് ഓടിച്ച് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. 200 സിസിയില്‍ കൂടുതലുള്ള ഇരു ചക്രവാഹനങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വില്‍പന സംബന്ധിച്ച വിവരങ്ങള്‍ വിതരണ ഏജന്‍സികള്‍ ആര്‍ടിഒയ്ക്ക് നല്‍കണം. ബൈക്കുകള്‍ വാങ്ങിയിട്ടുള്ളവരുടെ പേരു വിവരങ്ങളും ലഭ്യമാക്കും. ഇതിന് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. 350 സിസിക്കു മുകളിലുള്ള വാഹനങ്ങളുടെ അപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഏജന്‍സികള്‍ നല്‍കണം. അടുത്ത ഒരു മാസത്തിനകം ഇരു ചക്രവാഹനം ഓടിക്കുന്ന 100 പേര്‍ക്ക് വീതം ഓരോ വിതരണ ഏജന്‍സികളും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം. ഇതിനാവശ്യമായ ഫാക്കല്‍റ്റികളെ വാഹന വകുപ്പ് അയക്കും. വേണ്ടിവരുന്ന ചെലവുകള്‍ ഏജന്‍സികള്‍ വഹിക്കണം. 500 സിസിക്കു മുകളിലുള്ള വണ്ടികള്‍ വില്‍പന നടത്തുന്നതിനു മുമ്പ് വാങ്ങുന്ന വ്യക്തിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണം. ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതു കര്‍ശനമായി തടയും. ലൈസന്‍സില്ലാതെ ഓടിക്കുന്ന വണ്ടികള്‍ പിടിച്ചെടുക്കും. സൂപ്പര്‍ ബൈക്കുകള്‍ അപകടകരമായ വിധത്തിലും വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന വിധത്തിലും സൈലന്‍സറുകളില്‍ മാറ്റം വരുത്തി വലിയ ശബ്ദത്തോടെ അമിത വേഗതയില്‍ ഇരു ചക്രവാഹനങ്ങള്‍ പായുന്നതായി നിരവധി പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിനു ലഭിക്കുന്നതാണ് ഇത്തരം നടപടികള്‍ക്ക് അധികൃതര്‍ ഒരുങ്ങുന്നത്. യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കുമെന്നും ആര്‍ടിഒ പി എച്ച് സാദിഖ് അലി പറഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ബി ഷെഫീഖ്, മനോജ് കുമാര്‍, ഇരു ചക്രവാഹന ഏജന്‍സി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day