|    Dec 3 Sat, 2016 7:12 pm
FLASH NEWS

സൂപ്പര്‍ലീഗ് ഫുട്‌ബോളും വാതുവയ്പുകാരും

Published : 22nd November 2016 | Posted By: SMR

slug-vettum-thiruthumഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ രണ്ടാംഘട്ടത്തിലേക്കു കടക്കുമ്പോള്‍ കാണികളിലും പഴയകാല കളിക്കാരിലും നേരിയൊരു സംശയം നാമ്പിടുന്നു. അധോലോകത്തെ പന്തയക്കാര്‍ക്കു വേണ്ടി ടീം ഉടമകള്‍ ടീമിനെ നിയന്ത്രിക്കുന്നുവോ? ഒത്തുകളിയുടെ തലത്തിലേക്ക് സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ തരംതാഴ്ന്നുവോ?
12 കളികളാണ് നവംബര്‍ 19 വരെ കഴിഞ്ഞത്. അഞ്ചു കളി ജയിക്കുകയും മൂന്നു കളിയില്‍ പരാജയപ്പെടുകയും ചെയ്ത മുംബൈ സിറ്റിക്ക് ഇപ്പോള്‍ 19 പോയിന്റ്. 11 കളികൡ ആറെണ്ണത്തില്‍ തോറ്റ ഗോവയ്ക്ക് 11 പോയിന്റ്. ഇതുവരെയുള്ള കളി എഴുത്തുകള്‍ വിദഗ്ധരുടേത്, വായിച്ചാല്‍ ഒത്തുകളിയുടെ അന്തര്‍ഗതങ്ങള്‍ മനസ്സിലാവും. 19ന് ശനിയാഴ്ച മുംബൈയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചുഗോളുകള്‍ നെറ്റില്‍ വീഴാന്‍ പാകത്തില്‍ ഒഴിഞ്ഞുമാറി നടന്നതാണ് ഒത്തുകളിയുടെ മറ്റൊരു സൂക്ഷ്മനാടകം. ബ്ലാസ്റ്റേഴ്‌സ് ഉടമകളായ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും നടന്‍മാരായ ചിരഞ്ജീവിയും നാഗാര്‍ജുനയും അംബാസഡര്‍ നിവിന്‍ പോളിയുമൊക്കെ മുംബൈയില്‍ അഞ്ചു ഗോളുകള്‍ വഴങ്ങി തരിപ്പണമായ ബ്ലാസ്റ്റേഴ്‌സിന്റെ ദയനീയ സ്ഥിതിയോര്‍ത്ത് ഖിന്നരാവുമ്പോള്‍ മുംബൈ അധോലോകത്തെ ചില കായിക സ്‌പോണ്‍സേഴ്‌സ് അകംനിറഞ്ഞു ചിരിക്കുന്നു.
11 കളിയിലൂടെ നാലേ നാല് വിജയവും നാല് ഗംഭീര പരാജയവും വാങ്ങിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ്. കൂടുതല്‍ ഗോളടിച്ച വീരന്‍മാര്‍ക്കിടയിലും ബ്ലാസ്റ്റേഴ്‌സിന് ഇടമില്ല. അഞ്ചുഗോള്‍ വീതം നേടി കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം, ഡല്‍ഹി ഡൈനാമോസിന്റെ മാഴ്‌സലിഞ്ഞോ, നോര്‍ത്ത് ഈസ്റ്റിന്റെ എമിലിയാനോ അല്‍ഫാരോ, മുംബൈ സിറ്റിയുടെ ഡിയേഗോ ഫോര്‍ലാന്‍ എന്നിവര്‍ അന്തര്‍നാടകങ്ങളറിയാത്ത ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ ആര്‍പ്പുവിളികളില്‍ കുതിരകളായി വിരാജിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ എന്നല്ല ഏഷ്യന്‍ ഫുട്‌ബോളിലെ പോലും മിന്നുന്ന കളിക്കാരാരും ഈ അഞ്ചു ഗോള്‍ നേടിയ വീരന്‍മാരില്‍ പെടുന്നില്ല. ഇന്ത്യന്‍ ഫുട്‌ബോളിനെ മൊത്തത്തില്‍ ഉടച്ചുവാര്‍ക്കാനും ഇന്ത്യന്‍ കളിക്കാരെ ഫുട്‌ബോള്‍ മൈതാനങ്ങളുടെ നെറുകയില്‍ രാജ്യാന്തര വീരന്‍മാരാക്കാനും കോടികള്‍ മുതലിറക്കി ഫുട്‌ബോള്‍ രസികര്‍ ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുംബൈയിലെ വാതുവയ്പുകാരുടെ കരുനീക്കത്തിനനുസരിച്ച് താളംതെറ്റുകയാണിപ്പോള്‍. സചിനും നാഗാര്‍ജുനയ്ക്കുമൊന്നും റോളില്ലാത്ത തലത്തിലേക്ക് കളി കൈയാങ്കളിയായി അധപ്പതിക്കുന്നു. കളി നിയന്ത്രിച്ച ചില റഫറിമാരും വാതുവയ്പുകാരുടെ വലയില്‍ വീണതായി ചില മല്‍സരങ്ങള്‍ സൂചിപ്പിക്കുന്നു. ഓഫ് വിളിയിലും ചുവന്ന കാര്‍ഡ് നല്‍കുന്നതിലും റഫറിമാര്‍ ‘കളിച്ചു’വെന്നു തന്നെയാണ് വിലയിരുത്തലുകള്‍ പറയുന്നത്.
നവംബര്‍ 19 ശനിയാഴ്ച ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി മല്‍സരത്തില്‍ മുംബൈ സിറ്റിയുടെ ഡിയേഗോ ഫോര്‍ലാന് ഹാട്രിക് തികയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ ‘വിറങ്ങലിച്ചു’ നിന്നു എന്നതും ഒത്തുവായിച്ചാല്‍ വാതുവയ്പുകാര്‍ മൈതാനത്ത് സജീവമായിരുന്നു എന്നതു വ്യക്തം. ഫോര്‍ലാന് ഹാട്രിക്, ബ്ലാസ്റ്റേഴ്‌സ് അഞ്ചു ഗോള്‍ വിഴുങ്ങും എന്നതായിരുന്നു 19ന് മുംബൈ സ്റ്റേഡിയത്തിലെ മുഖ്യ വാതുവയ്പുകാരുടെ ‘പഞ്ച്’ എന്നതിനു തെളിവായി 69, 74 മിനിറ്റുകളിലെ ഗോള്‍ വിദഗ്ധര്‍ വിശദീകരിക്കുന്നു. കാരണം, ഗോള്‍ വീഴാന്‍ പാകത്തില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ ‘ഫ്രീസ്ഡ്’ ആയി. ലോകമെമ്പാടും കളിക്കളങ്ങളില്‍ വാതുവയ്പുകാര്‍, ചൂതുകളിക്കാര്‍ എന്നിവര്‍ കളിക്കാരെ വരുതിയിലാക്കി വിനോദംകൊയ്യുന്നുവെന്നത് പുതിയ പ്രതിഭാസമൊന്നുമല്ല. കളിയുടെ ചരിത്രങ്ങളോളം വിസ്തൃതി പന്തയക്കളിക്കാര്‍ക്കുണ്ട്. വിരമിച്ച പല കളിക്കാരും വാതുവയ്പുകാര്‍ സ്വാധീനിക്കാന്‍ പെണ്ണും പണവുമായി കയറിയിറങ്ങിയ കഥകള്‍ വിശദീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ലീഗും മഹാനഗരങ്ങളിലെ ചില പെണ്‍പുലികളുടെ കൈയിലാണിപ്പോള്‍. സചിനും ചിരഞ്ജീവിയുമൊക്കെ അംബാസഡര്‍മാര്‍ മാത്രം. മുംബൈ അധോലോകമെന്നാല്‍ മന്ത്രിസഭകള്‍ തൊട്ട് ഓരോ അധികാരകേന്ദ്രങ്ങളെയും തങ്ങളുടെ കൈപ്പിടിയിലൊതുക്കി കരുക്കള്‍ നീക്കുന്നവരുടേതാണ്. ഇതൊന്നും അറിയാതെ സുനില്‍ ഛേത്രിമാരും റാഫിമാരും വമ്പന്‍ വലകളില്‍ കുരുങ്ങി, കളിച്ചുവിയര്‍ക്കുന്നു. നേടുന്നതോ ചില ക്ഷണിക വിജയങ്ങളും. സംഘിഭരണം ഇതിനൊക്കെ വളംവച്ചുകൊടുക്കുന്ന കാലഘട്ടവുംകൂടിയാവുമ്പോള്‍?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day