|    Dec 6 Tue, 2016 8:21 am
FLASH NEWS

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍: നരേന്ദ്രകുമാറിനെ വെറുതേ വിട്ടതിനെതരേ സിബിഐ

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശൈഖിനെയും തുള്‍സിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ അമീനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സിബിഐ മുംബൈ ഹൈക്കോടതിയെ സമീപിച്ചു.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതില്‍ നരേന്ദ്രകുമാറിനെതിരേ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കൃത്യത്തില്‍ പങ്കെടുത്ത പൊലിസുദ്യോഗസ്ഥന്റെ മൊഴിയുള്‍പ്പെടെയുള്ള രേഖകളും സിബിഐ കോടതിക്കു കൈമാറിയതായി സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസിലെ പ്രധാനപ്രതിയും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനുമായ ഡി ജി വന്‍സാരയുടെ ഗ്രാമമായ ഇലോള്‍ സ്വദേശിയാണ് നരേന്ദ്രകുമാറും. ഇലോളില്‍ വച്ചാണ് സുഹ്‌റബുദ്ദീനെ കൊലപ്പെടുത്തുന്നതും ഭാര്യ കൗസര്‍ബിയെ ലൈംഗികമായി പീഡിപ്പിച്ച് കത്തിച്ചു കൊല്ലുന്നതും. ഈ സമയം സംഭവസ്ഥലത്ത് ആറുമണിക്കൂറോളം നരേന്ദ്രകുമാര്‍ ഉണ്ടായിരുന്നു. കൃത്യത്തില്‍ പങ്കെടുത്തവര്‍ക്കു സഞ്ചാരസൗകര്യം ഏര്‍പ്പെടുത്തിയതും മൃതദേഹം നശിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതും അദ്ദേഹമാണ്.
ഇതെല്ലാം സ്ഥിരീകരിക്കുന്ന, കൃത്യത്തില്‍ പങ്കെടുത്തവരുടെ മൊഴികളുണ്ട്. ഇത്തരം തെളിവുകളൊന്നും പരിശോധിക്കാതെയാണ് വിചാരണകോടതി നരേന്ദ്രകുമാറിനെ വെറുതെ വിട്ടതെന്നും സിബിഐ പറഞ്ഞു. കേസില്‍ പോലിസ് ഉദ്യോഗസ്ഥന്റെ മൊഴി വളരെ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്തില്‍ മുംബൈയിലെ വിചാരണ കോടതി ജഡ്ജി എം ബി ഗോസവിയാണ് നരേന്ദ്രകുമാറിനെ വെറുതെ വിട്ട് ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ അദ്ദേഹത്തെ ഗുജറാത്ത് സര്‍ക്കാര്‍ ജോലിയില്‍ തിരികെയെടുക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ അഹ്മദാബാദ് ഡിവൈഎസ്പിയായിരുന്നു നരേന്ദ്രകുമാര്‍.
കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പതിനൊന്നാമത്തെ ആളാണ് നരേന്ദ്രകുമാര്‍. ബിജെപി അധ്യക്ഷനും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന അമിത്ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ, ഗുജറാത്ത് മുന്‍ പോലിസ് മേധാവി പി സി പാണ്ഡ്യേ, എഡിജിപി ഗീതാ ജോഹ്‌രി, പോലിസ് കോണ്‍സ്റ്റബിള്‍ അഭയ് ചുദാസാമ തുടങ്ങിയവരാണ് നേരത്തേ കുറ്റവിമുക്തരാക്കപ്പെട്ടവര്‍.
ഇവരില്‍ പലരും മുംബൈയിലെ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് പിള്ളയെയും വെടിവച്ചുകൊന്ന കേസിലും പ്രതികളായിരുന്നു. 2005 നവംബറിലാണ് ബിജെപി അനുയായിയും അധോലോകബന്ധവുമുള്ള സുഹ്‌റബുദ്ദീന്‍ ശൈഖിനെ നിരോധിത സംഘടനയായ ലശ്കറേ ത്വയ്യിബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പോലിസ് വെടിവച്ചുകൊന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day