|    Oct 24 Mon, 2016 7:38 pm
FLASH NEWS

സുവാറസ് ഷോ; ബാഴ്‌സലോണ ഫൈനലില്‍

Published : 18th December 2015 | Posted By: TK

യോക്കോഹാമ: ലയണല്‍ മെസ്സി- റൊബീഞ്ഞോ പോരാട്ടം കാണാനെത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കിയത് ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാറസ്. ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിലെ ഹീറോ സുവാറസായിരുന്നു. ഹാട്രിക്കോടെ സുവാറസ് കളം പിടിച്ചടക്കിയപ്പോള്‍ ബാഴ്‌സലോണ ഫൈനലിലേക്ക് കുതിച്ചു.
ഏഷ്യന്‍ ചാംപ്യന്മാരായ ഗ്വാങ്ഷു എവര്‍ഗ്രാന്റെയെ 3-0ന് തകര്‍ത്താണ് യൂറോപ്യന്‍ ജേതാക്കളായ ബാഴ്‌സ കലാശക്കളിക്ക് അര്‍ഹത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലാറ്റിനമേരിക്കന്‍ വിജയികളും അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബുമായ റിവര്‍പ്ലേറ്റാണ് ബാഴ്‌സയുടെ എതിരാളികള്‍. ഇതേ ദിവസം നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഗ്വാങ്ഷു ജപ്പാനീസ് ടീമായ സാന്‍ഫ്രെസ് ഹിരോഷിമയുമായി ഏറ്റുമുട്ടും.
ഇന്നലത്തെ സെമിയില്‍ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ പരിക്കുമൂലം കളിക്കില്ലെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് മെസ്സി മല്‍സരത്തില്‍ നിന്നു പിന്‍മാറിയത്. പനിയെത്തുടര്‍ന്നാണ് താരത്തെ കോച്ച് ലൂയിസ് എന്റിക്വെ ഒഴിവാക്കിയത്.
എന്നാല്‍ ബ്രസീലിന്റെ പ്രമുഖ സ്‌ട്രൈക്കര്‍ റൊബീഞ്ഞോയെ പുറത്തിരുത്തിയാണ് കോച്ച് ലൂയിസ് ഫെലിപ് സ്‌കൊളാരി ഗ്വാങ്ഷു ടീമിനെ പ്രഖ്യാപിച്ചത്.
മെസ്സി, നെയ്മര്‍ എന്നിവരുടെ അഭാവത്തില്‍ സുവാറസ് ഇന്നലെ ബാഴ്‌സയുടെ ആക്രമണച്ചുമതല തനിച്ച് ഏറ്റെടുക്കുകയായിരുന്നു. കോച്ചിന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവച്ച സ്‌ട്രൈക്കര്‍ ടീമിന്റെ ഹീറോയാവുകയും ചെയ്തു. 39, 50, 67 മിനിറ്റുകളിലായിരുന്നു സുവാറസിന്റെ ഹാട്രിക് നേട്ടം. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. 70 ശതമാനത്തിലധികവും പന്ത് കൈവശം വച്ചത് ബാഴ്‌സയായിരുന്നു. ബാഴ്‌സ ഗോളിലേക്കു 13 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ ഒന്നു മാത്രമേ ഗ്വാങ്ഷുവില്‍ നിന്നുണ്ടായുള്ളൂ.
23ാം മിനിറ്റിലാണ് ബാഴ്‌സയ്ക്ക് കളിയിലെ ആദ്യ ഗോളവസരം ലഭിച്ചത്. ആന്ദ്രെസ് ഇനിയേസ്റ്റ നല്‍കിയ മനോഹരമായ ത്രൂബോള്‍ മുനീര്‍ എല്‍ ഹദാദി ഗോളിലേക്ക് തൊടുക്കാന്‍ കുതിച്ചെത്തിയെങ്കിലും ഗ്വാങ്ഷു ഗോളി വിഫലമാക്കി.
32ാം മിനിറ്റില്‍ ഇനിയേസ്റ്റയുടെ ക്രോസില്‍ സുവാറസിന്റെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. ഏഴു മിനിറ്റികം ബാഴ്‌സ അര്‍ഹിച്ച ലീഡ് കണ്ടെത്തി. ഇവാന്‍ റാക്കിറ്റിച്ച് ബോക്‌സിനു പുറത്തുനിന്ന് പരീക്ഷിച്ച ബുള്ളറ്റ് ഷോട്ട് ഗ്വാങ്ഷു ഗോളി തടുത്തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് സുവാറസ് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
50ാം മിനിറ്റില്‍ ബാഴ്‌സയുടെ ആധിപത്യമുറപ്പിച്ച് സുവാറസ് വീണ്ടും വലകുലുക്കി. ഇനിയേസ്റ്റയാണ് ഗോളിനു വഴിയൊരുക്കിയത്. ഡിഫന്റര്‍മാര്‍ക്കു മുകളിലൂടെ ഇനിയേസ്റ്റ ബോക്‌സിനുള്ളിലേക്ക് കോരിയിട്ട പന്ത് നെഞ്ചു കൊണ്ട് തടുത്ത സുവാറസ് മനോഹരമായ വോളിയിലൂടെ നിറയൊഴിക്കുകയായിരുന്നു.
67ാം മിനിറ്റില്‍ സുവാറസ് ഹാട്രിക്ക് പൂര്‍ത്തിയാക്കി. മുനീറിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നു ലഭിച്ച പെന ല്‍റ്റി സുവാറസ് അനായാസം ലക്ഷ്യത്തിലെത്തിച്ചു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day