|    Oct 29 Sat, 2016 1:20 am
FLASH NEWS

സീറ്റുകള്‍ പങ്കിട്ട് ഗ്രൂപ്പുകള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് സുധീരന്‍ അനുകൂലികള്‍ പുറത്ത്

Published : 3rd April 2016 | Posted By: SMR

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകള്‍ സീറ്റുകള്‍ പങ്കിട്ടെടുത്തപ്പോള്‍ തിരിച്ചടി കിട്ടിയത് സുധീരന്‍ അനുകൂലികള്‍ക്ക്. തര്‍ക്കസീറ്റുകളില്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍ സുധീരപക്ഷത്തുള്ള ആര്‍ക്കും ഇടംനേടാനായില്ല എന്നതാണ് യാഥാര്‍ഥ്യം.
അതേസമയം, മല്‍സരിക്കാനില്ലെന്ന് ആദ്യം പ്രഖ്യാപിച്ച സുധീരന്റെ വിശ്വസ്തന്‍ ടി എന്‍ പ്രതാപന്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് സമീപിച്ച് സീറ്റ് തരപ്പെടുത്തുകയും ചെയ്തു. പ്രതാപനെ മാതൃകയാക്കി നാലു തവണ മല്‍സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിലപാടിലായിരുന്നു സുധീരന്‍. എന്നാല്‍, പ്രതാപന്‍ മലക്കംമറിഞ്ഞതോടെ വെട്ടിലായത് സുധീരനാണ്.
എ, ഐ ഗ്രൂപ്പുകള്‍ പട്ടികയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഘടകകക്ഷികള്‍ തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള കരുനീക്കങ്ങളാണ് നടത്തിയത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്ന് കുട്ടനാടും പൂഞ്ഞാറും ഏറ്റെടുക്കാനായിരുന്നു കെപിസിസി പ്രസിഡന്റിന്റെ നീക്കം. എന്നാല്‍, രണ്ടുസീറ്റും നഷ്ടപ്പെടാതിരിക്കാന്‍ അധികമായി മൂന്ന് സീറ്റ് വേണമെന്ന സമ്മര്‍ദ തന്ത്രവുമായി മാണി ഗ്രൂപ്പ് രംഗത്തെത്തുകയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ സാഹചര്യത്തില്‍ അധികസീറ്റ് നല്‍കാനാവില്ലെന്നും കഴിഞ്ഞ തവണത്തെ സീറ്റുപോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്നുമായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാട്. അവസാന റൗണ്ട് ചര്‍ച്ചയില്‍ മാണിയുടെ തന്ത്രങ്ങള്‍ ഫലംകണ്ടു.
ഇതോടെ കുട്ടനാട് സീറ്റ് പ്രതീക്ഷിച്ച സുധീരന്‍ അനുകൂലിയായ ജോണ്‍സണ്‍ എബ്രഹാമിനും പൂഞ്ഞാറിനായി പിടിമുറുക്കിയ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിക്കും നിരാശപ്പെടേണ്ടിവന്നു. ബാര്‍കോഴ വിവാദത്തോടെ ഐ ഗ്രൂപ്പ് വിട്ട് സുധീരപക്ഷത്തെത്തിയ കെ പി അനില്‍കുമാറിനെയും ഗ്രൂപ്പുകള്‍ വെട്ടിനിരത്തി. ഐ ഗ്രൂപ്പുകാരനായ എന്‍ സുബ്രഹ്മണ്യത്തിനാണ് കൊയിലാണ്ടി സീറ്റ് കിട്ടിയത്. സുധീരന്റെ നിലപാടുകളോട് അനുഭാവം പുലര്‍ത്തിയിരുന്ന വി വി പ്രകാശിന് നിലമ്പൂര്‍ സീറ്റും നഷ്ടമായി. മലബാറിലെ മുസ്‌ലിം നേതാവെന്ന പരിഗണന ആര്യാടന്‍ മുഹമ്മദിന് ഹൈക്കമാന്‍ഡ് നല്‍കിയപ്പോള്‍ പ്രകാശിന് സീറ്റുനേടിക്കൊടുക്കാനുള്ള സുധീരന്റെ നീക്കം പാളി.
ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് കൊടുക്കുന്നതിനെ ആന്റണിയും അനുകൂലിച്ചു. സുധീരന്‍ അനുകൂലിയായ സിദ്ദീഖ് പന്താവൂര്‍ പൊന്നാനിക്കു വേണ്ടി ശ്രമിച്ചെങ്കിലും ഐ ഗ്രൂപ്പ് സീറ്റ് നിലനിര്‍ത്തുകയായിരുന്നു. പാറശ്ശാല സീറ്റ് പിടിക്കാന്‍ സുധീരന്റെ പിന്തുണയോടെ രംഗത്തിറങ്ങിയ നെയ്യാറ്റിന്‍കര സനലിനും അടിതെറ്റി. സിറ്റിങ് സീറ്റ് ഐ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍തന്നെയെത്തി.
പാറശ്ശാല പിടിച്ചെടുക്കുന്നതിനുള്ള സുധീരന്റെ ഇടപെടലിനെതിരേ താന്‍ ആരോപണവിധേയനല്ലെന്ന പ്രസ്താവനയുമായി സിറ്റിങ് എംഎല്‍എ പരസ്യമായി രംഗത്തെത്തുന്നതിലേക്കും കാര്യങ്ങളെത്തി. ഗ്രൂപ്പുകള്‍ക്ക് അതീതമായ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാവുമെന്ന പ്രഖ്യാപനവുമായാണ് കോണ്‍ഗ്രസ്സിലെ മൂന്നാംചേരി ഡല്‍ഹിയിലേക്ക് വണ്ടികയറിയത്. എന്നാല്‍, സീറ്റിന്റെ കാര്യത്തില്‍ ഗ്രൂപ്പുകള്‍ ഒന്നിച്ചതോടെ ഹൈക്കമാന്‍ഡില്‍ നിന്നുപോലും വേണ്ടത്ര പിന്തുണ ലഭിക്കാതെ സുധീരന്‍ ഒറ്റപ്പെടുകയാണ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day