|    Oct 21 Fri, 2016 4:55 pm
FLASH NEWS

സിപിഎം നേതാവിന്റെ കൊലപാതകം: കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

Published : 12th October 2016 | Posted By: SMR

കണ്ണൂര്‍: സിപിഎം നേതാവിനെ കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊലപ്പടുത്തിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി കണ്ണൂര്‍ ജില്ലയിലും മാഹിയിലും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗവും വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കെ മോഹന(52)നെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു പോലിസും സിപിഎം നേതൃത്വവും വ്യക്തമാക്കി. ആറംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലിസ് നിഗമനം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനായ മോഹനനെ വാഹനത്തിലെത്തിയ മുഖംമൂടി സംഘം ഷാപ്പിനകത്ത് കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മോഹനനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമം തടയുന്നതിനിടെ ഷാപ്പ് തൊഴിലാളിയുമായ കുന്നിരിക്കയിലെ അശോകനും വെട്ടേറ്റിരുന്നു. ഇയാളും ചികില്‍സയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ജില്ലാ അതിര്‍ത്തിയായ പൂഴിത്തലയില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുവാങ്ങി. പിണറായി, ഓലയമ്പലം, വാളാങ്കിച്ചാല്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് 3.30ഓടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതനായ മുകുന്ദന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ: സുചിത്ര. മക്കള്‍: മിഥുന, സ്‌നേഹ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്നലെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിച്ചു. വാഹനങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതിനാല്‍ ഭൂരിഭാഗം ബസ് സര്‍വീസുകളും നിലച്ചു.
അതിനിടെ, പടുവിലായിയിലും ന്യൂമാഹിയിലും സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. അതേസമയം, സംഘര്‍ഷസാധ്യതയുടെ പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ 14 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day