|    Dec 7 Wed, 2016 4:05 pm
FLASH NEWS

സിപിഎം കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന പരാതി: അന്വേഷണത്തിന് ഉത്തരവ്

Published : 4th November 2016 | Posted By: SMR

തൃശൂര്‍: യുവതിയെ സിപിഎം വടക്കാഞ്ചേരി കൗണ്‍സിലര്‍ ജയന്തന്‍ അടക്കം നാലുപേര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി സിറ്റി പോലിസ് കമ്മീഷണര്‍ ജെ ഹിമേന്ദ്രനാഥ് അറിയിച്ചു. പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ച് സംഭവം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണ ഉത്തരവ്.
സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തും. കുറ്റക്കാരെ പോലിസ് സംരക്ഷിച്ചതായുള്ള പരാതിയും അന്വേഷണപരിധിയില്‍ വരും. യുവതിയെ മൊഴിമാറ്റാന്‍ മുന്‍കൈയെടുത്തെന്ന പരാതിയില്‍ പേരാമംഗലം സിഐക്കെതിരേ അന്വേഷിച്ച് നടപടിയെടുക്കുമെന്നും തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. ബലാല്‍സംഗത്തിന് ഇരയായ യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീനും അറിയിച്ചു. പരാതിക്കാരിക്ക് സര്‍ക്കാരോ പാര്‍ട്ടിയോ നീതി നിഷേധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ജയന്തനെതിരേയുള്ള പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി പി എന്‍ സുരേന്ദ്രനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോലിസ് അന്വേഷണത്തിന് പുറമെ പാര്‍ട്ടി സംവിധാനം ഉപയോഗിച്ചും അന്വേഷണം നടത്തും. കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ നടപടിയുണ്ടാവും.
ഇതിനിടെ ആരോപണവിധേയനായ കൗണ്‍സിലര്‍ ജയന്തന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി നഗരസഭാ കാര്യാലയത്തിലേക്കു മാര്‍ച്ച് നടത്തി. എന്നാല്‍ യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപണവിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും പ്രാദേശിക സിപിഎം നേതാവുമായ ജയന്തന്‍ പറഞ്ഞു. യുവതിക്കും ഭര്‍ത്താവിനുമെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. കുറച്ചുദിവസം മുമ്പ് യുവതിയുടെ ഭര്‍ത്താവ് വിളിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.
തങ്ങള്‍ക്കു നാട്ടിലേക്കു വരാന്‍ പറ്റുന്നില്ലെന്നും അതിനാല്‍ കാശ് വേണമെന്നുമായിരുന്നു ആവശ്യം. പണം നല്‍കാന്‍ സാധിക്കില്ലെന്നു പറഞ്ഞപ്പോള്‍ പ്രതികാരനടപടിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ആരോപണവുമായി അവര്‍ രംഗത്തുവന്നിരിക്കുന്നതെന്നു ജയന്തന്‍ തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവ് മഹേഷ് തന്റെ കൈയില്‍നിന്നു മൂന്നുലക്ഷം രൂപ കടംവാങ്ങിയിട്ടുണ്ട്. ഈ പണം പലതവണ തിരിച്ചുചോദിച്ചിട്ടും തരാതെ വന്നപ്പോള്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇതേത്തുടര്‍ന്നാണു തനിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഭാഗ്യലക്ഷ്മിയെപ്പോലെയുള്ള ഒരാളെ അവര്‍ കബളിപ്പിക്കുകയാണ്. സംഭവത്തിലെ തെറ്റും ശരിയും നോക്കാതെ എന്നെ കുറ്റക്കാരനാക്കിയതു ശരിയായില്ലെന്നും ജയന്തന്‍ പറഞ്ഞു.
2014ല്‍ ജയന്തന്‍ അടക്കം നാലുപേര്‍ പീഡിപ്പിച്ചെന്നും കേസ് പോലിസ് ഒതുക്കിത്തീര്‍ത്തെന്നുമായിരുന്നു യുവതിയുടെ പരാതി. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു സംഭവം വിവാദമായത്.
ഭാഗ്യലക്ഷ്മിക്കും അവതാരകയും നടിയുമായ പാര്‍വതിക്കുമൊപ്പം ഇന്നലെ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി യുവതിയും ഭര്‍ത്താവും ആരോപണം ആവര്‍ത്തിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day