|    Dec 4 Sun, 2016 3:47 pm

സിഐടിയു ജില്ലാപ്രസിഡന്‍ിന് നേരേ വധശ്രമം; പ്രതി പിടിയില്‍

Published : 9th November 2016 | Posted By: SMR

കൊച്ചി: യൂബര്‍ ടാക്‌സി ഓഫിസിലേക്ക് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടയില്‍ സിഐടിയു എറണാകുളം ജില്ലാപ്രസിഡന്റ് കെ എന്‍ ഗോപിനാഥിനു നേരെ വധശ്രമം. 12ഓടെ പാലാരിവട്ടത്ത് വച്ചാണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍ക്കേ കുത്തിക്കൊലപ്പെടുത്താനായിരുന്നു ശ്രമം. അക്രമിയായ വടകര സ്വദേശി ഉണ്ണിക്കൃഷ്ണനെ (45) നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് പിടികൂടി പാലാരിവട്ടം പോലിസിനു കൈമാറി.
കഴുത്തിനുപിന്നില്‍ മാരകരമായി മുറിവേറ്റ ഗോപിനാഥിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലെ ഞരമ്പ് അറ്റുപോയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കിയ ഇദ്ദേഹം അപകടനില തരണംചെയ്തതായും ഒരുമാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗോപിനാഥിനെ കുത്തിയ ഉണ്ണിക്കൃഷ്ണനെതിരേ വധശ്രമത്തിനു കേസെടുത്തു. സംഭവത്തിനു പിന്നിലെ പ്രകോപനം വ്യക്തമായിട്ടില്ലെങ്കിലും മുന്‍ വൈരാഗ്യമില്ലെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇയാളെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍  എറണാകുളം ജില്ല സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓഡിനേഷന്‍  ഇന്ന് ജില്ലയില്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനംചെയ്ത ശേഷം സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം എ എ അലി അക്ബറിനൊപ്പം നടന്നുവരുകയായിരുന്ന ഗോപിനാഥിനെ പിന്നിലൂടെ എത്തിയ ഉണ്ണികൃഷ്ണന്‍ കഴുത്തിനുപിന്നില്‍ കുത്തുകയായിരുന്നു. വീണ്ടും കുത്താനൊരുങ്ങിയെങ്കിലും തടഞ്ഞതിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഒന്നര വര്‍ഷമായി കലൂര്‍ പോണേക്കരയില്‍ വാടകവീട്ടിലാണ് ഉണ്ണിക്കൃഷ്ണന്‍ താമസം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ മുമ്പ് സെയില്‍സ്മാനായും ഇയാള്‍ ജോലി നോക്കിയിരുന്നതായി പോലിസ് പറഞ്ഞു.
ഗോപിനാഥിനെതിരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധപ്രകടനം നടത്തി. പണിമുടക്കില്‍ ജില്ലയിലെ ലോറി, മിനിലോറി, ടാക്‌സി, ബസ്, ടാങ്കര്‍ലോറി, ഓട്ടോറിക്ഷ തുടങ്ങി മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും. പണിമുടക്ക് വിജയിപ്പിക്കണമെന്ന് കോ-ഓഡിനേഷന്‍ കണ്‍വീനര്‍  അലി അക്ബര്‍ അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day